അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് കലാശപ്പോര്; ഇന്ത്യക്ക് എതിരാളികൾ ഇംഗ്ലണ്ട്

അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യൻ സമയം വൈകിട്ട് 5.15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. സെമിഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെയും ഇംഗ്ലണ്ട് ഓസ്ട്രേലിയയെയുമാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ജയം ആധികാരികമായിരുന്നെങ്കിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതിവിജയിക്കുകയായിരുന്നു.
ഷഫാലി വർമയുടെ നേതൃത്വത്തിൽ കന്നി കൗമാര ലോകകപ്പിലിറങ്ങിയ ഇന്ത്യ ആധികാരികമായാണ് ഫൈനലിലെത്തിയത്. സൂപ്പർ സിക്സ് ഘട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ കീഴടങ്ങിയെങ്കിലും ഇന്ത്യ മികച്ച ക്രിക്കറ്റ് കാഴ്ചവച്ചു. വൈസ് ക്യാപ്റ്റൻ ശ്വേത സെഹരാവത്ത് ടൂർണമെൻ്റിൻ്റെ കണ്ടെത്തലായി. ശ്വേതയാണ് ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരം. 9 വിക്കറ്റ് നേടിയ പർശവി ചോപ്ര, 8 വിക്കറ്റ് നേടിയ മന്നത് കശ്യപ് എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തി. ക്യാപ്റ്റൻ ഷഫാലി വർമയും ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു.
മറുവശത്ത് ടൂർണമെൻ്റിൽ ഇതുവരെ തോൽവിയറിയാത്ത ടീമാണ് ഇംഗ്ലണ്ട്. സീനിയർ ടീമുകളെപ്പോലെ ഫിയർലസ് ക്രിക്കറ്റ് ആണ് ഇംഗ്ലണ്ട് യുവനിരയുടെ കളിശൈലി. സെമിയിൽ ഓസ്ട്രേലിയക്കെതിരെ 99 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 96 റൺസിനു പുറത്താക്കി കലാശക്കളിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രേസ് സ്ക്രിവൻസ് ആണ് ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത്. 9 വിക്കറ്റ് നേടിയ ഹന്ന ബേക്കർ ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമതുണ്ട്.
Story Highlights: u19 womens world cup india england final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here