Advertisement

കുഷ്ഠരോഗം തൊട്ടാൽ പകരില്ല; പിന്നെ എങ്ങനെ പകരും ? എന്താണ് ലക്ഷണങ്ങൾ ?

January 30, 2023
1 minute Read
leprosy symptoms

..

ഡോ.പ്രീതി ഹാരിസൺ

സീനിയർ കൺസൾട്ടൻ്റ്, ഡെർമറ്റോളജി
രാജഗിരി ഹോസ്പിറ്റൽ, ആലുവ

ഇന്ത്യയിൽ ജനുവരി 30 നാണ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നത്. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന സഹാനുഭൂതിയും, അനുകമ്പയും കണക്കിലെടുത്താണ്അ ദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന ദിനമായി തെരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ലോകമെമ്പാടും ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നത്. ഇപ്പോൾ പ്രവർത്തിക്കാം, കുഷ്ഠരോഗം ഇല്ലാതാക്കാം എന്നതാണ് ഈ വർഷത്തെ കുഷ്ഠരോഗ നിർമാർജന ദിനസന്ദേശം. ( leprosy symptoms )

എന്താണ് കുഷ്ഠം ?

മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് കുഷ്ഠം അഥവാ ലെപ്രസി(leprosy). ബാക്റ്റീരിയയെ രോഗകാരണമായി കണ്ടെത്തിയ ഡോക്ടർ ഹാൻസെൻ്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു. ട്യൂബെർക്കുലോസിസ് എന്ന ബാക്റ്റീരിയക്ക് സമാനമാണ് മൈക്കോബാക്റ്റീരിയം ലെപ്ര. മൈക്കോബാക്റ്റീരിയം ലെപ്രയ്ക്കിഷ്ടം തണുത്ത ശരീരഭാഗങ്ങളോടാണ്, അതിനാൽ തന്നെ ത്വക്കിനെയും, പുറമെയുള്ള നാഡീവ്യൂഹത്തെയും (peripheral nervous system), കണ്ണുകളെയും പ്രധാനമായും ഇത് ബാധിക്കുന്നു. വളരെ പതിയെ പെരുകുന്ന ബാക്ടീരിയ ആയതിനാൽ ഇവ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ രണ്ടു മുതൽ അഞ്ചു വർഷങ്ങൾ വരെ എടുത്തേക്കാം.

രോഗം പകരുന്നത് എങ്ങനെ ?

രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ജലകണങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.

രോഗ ലക്ഷണങ്ങൾ

രോഗം പ്രധാനമായും ബാധിക്കുന്നത് ത്വക്കിനേയും നാഡിവ്യൂഹത്തേയും ആണ്. രോഗ ലക്ഷണങ്ങൾ ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി അനുസരിച്ച് മാറുന്നു.

◆ചർമ്മത്തിൽ വെളുത്തതോ/ നിറം മങ്ങിയതോ ആയ സ്പർശനശേഷി കുറഞ്ഞതോ / ഇല്ലാത്തതോ ആയ പാടുകൾ

◆കൈകാലുകൾക്കും കഴുത്തിലുമുള്ള നാഡികളുടെ വീക്കം.

◆കൈകാലുകൾക്ക് ഉണ്ടാവുന്ന ബലക്കുറവ്, വ്രണങ്ങൾ.

◆കണ്ണുകൾ പൂർണ്ണമായും അടയ്ക്കാൻ പറ്റാത്ത അവസ്ഥ.

◆കണ്ണിൻ്റെ പുരികവും കൺപീലിയും കൊഴിഞ്ഞു പോകുന്ന അവസ്ഥ.

ലെപാ റിയാക്ഷൻ

ചികിത്സയിലായിരിക്കുമ്പോൾ, ചികിത്സയ്ക്ക് മുൻപ്, ചികിത്സയ്ക്കു ശേഷം ഇങ്ങനെ എപ്പോൾ വേണമെങ്കിലും കുഷ്ഠ രോഗികളിൽ പ്രതിരോധ ശേഷിയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിൽ മൂലം ഇത്തരം റിയാക്ഷനുകൾ ഉണ്ടാകാം. ചർമ്മത്തിലെ പാടുകൾ വേദനയോടെ തടിച്ചു പൊന്തുന്നു. നാഡികൾക്ക് വേദനയും പെട്ടന്നുള്ള പെരുപ്പ്, ബലക്കുറവ് എന്നിവ സംഭവിക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.

രോഗം എങ്ങനെ കണ്ടുപിടിക്കാം ?

വിദഗ്ദ ദേഹ പരിശോധനയാണ് രോഗ നിർണ്ണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്, ചെവിയിൽ നിന്നും, പാടുകളിൽ നിന്നും സ്മിയർ പരിശോധന, ബയോപ്സി എന്നീ പരിശോധനകൾ വഴി രോഗം കണ്ടു പിടിക്കാം.

ചികിത്സ
ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ച് ഒന്നിലധികം ഔഷധങ്ങൾ ഉപയോഗിച്ചുള്ള മൾട്ടി ഡ്രഗ് തെറാപ്പി 6 മാസം മുതൽ 1 വർഷം വരെ വേണ്ടി വരുന്നു. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണ്ണതകളും അംഗവൈകല്യവും കാണാറുണ്ട്.

പരിചരണവും പുനരധിവാസവും

■കൈകാൽ വെള്ളകളിൽ തഴമ്പുകളും മുറിവുകളും വരാതെ സൂക്ഷിക്കുക.

■മുറിവോ അണുബാധയോ ഉണ്ടായാൽ യഥാസമയം ചികിത്സിക്കുക.

■പ്ലാസ്റ്റിക് സർജറി

■തൊഴിൽ പരിശീലനം

ഓർക്കുക

◆രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലൂടെയോ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയോ രോഗം പകരില്ല.

◆രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ചർമ്മരോഗ വിദഗ്ദനെ സമീപിക്കുക.

ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ മരുന്ന് കഴിച്ചാൽ കുഷ്ഠരോഗം പൂർണ്ണമായും ഭേദമാക്കാം. കുഷ്ഠരോഗം മറ്റേതൊരു രോഗവും പോലെ തന്നെയാണ്. ഏറ്റവും ഫലപ്രദമായ ചികിത്സയും ഇന്ന് നമുക്ക് ലഭ്യമാണ്. അതിനാൽ, രോഗികളെ നമ്മളോടൊപ്പം ചേർത്തു നിർത്തി കൊണ്ടു തന്നെ നമുക്ക് ഒരു കുഷ്ഠരോഗരഹിത ലോകത്തിനായി കൈകോർക്കാം. രോഗത്തെ അകറ്റാം, രോഗിയെ ചേർത്ത് നിർത്താം.

Story Highlights: leprosy symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top