ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും 10 കോടി ഡോളർ സഹായവുമായി യുഎഇ

ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും സഹായഹസ്തവുമായി യുഎഇ. ഇരു രാജ്യങ്ങൾക്കും സഹായധനം പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ രക്ഷപ്രവർത്തകരും ദുരന്ത ബാധിത പ്രദേശങ്ങളിലെത്തിയിട്ടുണ്ട്. ഭൂകമ്പത്തിൽ തകർന്ന തുർക്കിയെയും സിറിയയെയും ചേർത്തുപിടിക്കുകയാണ് യുഎഇ. ( UAE provides financial aid to earthquake ravaged Turkey and Syria ).
സിറിയയ്ക്കും തുർക്കിക്കും 10 കോടി ഡോളർ സഹായം നൽകാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. സിറിയക്ക് 5 കോടി ഡോളറും തുർക്കിക്ക് അഞ്ച് കോടി ഡോളറുമാണ് നൽകുക. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സിറിയയ്ക്ക് അഞ്ച് കോടി ദിർഹം അടിന്തിര സഹായം പ്രഖ്യാപിച്ചു.
Read Also: തുർക്കി ഭൂകമ്പം: അവശിഷ്ടങ്ങളിൽ നിന്ന് മുൻ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ പുറത്തെടുത്തു
യു.എ.ഇയിൽ നിന്നും കൂടുതൽ രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിലെത്തി. സഹായങ്ങളുമായി യുഎഇയിൽ നിന്നുമാത്രം ഏഴ് വിമാനങ്ങൾ ദുരന്തമേഖലകളിലെത്തി. ഭക്ഷണ സാധനങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, മരുന്ന് തുടങ്ങിയവയാണ് അടിയന്തിരമായി അയച്ചത്. രക്ഷാപ്രവർത്തകരുമായി മറ്റൊരു വിമാനം കൂടി ഇന്ന് തുർക്കിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഭൂകമ്പ ദുരന്തത്തിൽ തകർന്ന തുർക്കിക്ക് സഹായവുമായി കുവൈത്തിന്റെ ആദ്യവീമാനം പുറപ്പെട്ടു. അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളെ തുടർന്നാണ് തുർക്കിയിലേക്ക് എയർ എയ്ഡ് ബ്രിഡ്ജിന്റെ ആദ്യ യാത്ര. ജനറൽ ഫയർഫോഴ്സ്, റെഡ് ക്രസന്റ്, ആരോഗ്യ മന്ത്രാലയം, കുവൈറ്റ് സൈന്യം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സഹായവുമായുള്ള ആദ്യ വിമാനം അയച്ചത്.
Story Highlights: UAE provides financial aid to earthquake ravaged Turkey and Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here