അഖിലിനെ മര്‍ദിച്ച് തുടങ്ങിയത് പുറത്തുനിന്നുള്ള രണ്ടുപേര്‍; മെഡിക്കല്‍ കോളജില്‍ നിന്നുള്ള നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നെടുമങ്ങാട് സ്വദേശി അഖിലിനെയും സുഹൃത്തിനെയും മര്‍ദിക്കുന്നതിന് തുടക്കമിട്ടത് പുറത്ത് നിന്നുള്ള രണ്ട് പേരാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. (akhil attacked CCTV footage from thiruvananthapuram medical collage)
അഖിലിനെ മര്‍ദിക്കുന്നതില്‍ ഒരാള്‍ ആംബുലന്‍സ് ഡ്രൈവറാണെന്നാണ് സൂചന. ഇയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അഖിലിനെയും സുഹൃത്തിനെയും മര്‍ദിക്കുന്നതിന് തുടക്കമിട്ടതിന് പിന്നാലെ ട്രാഫിക് വാര്‍ഡന്മാരുമെത്തി അഖിലിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.
മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തത് രണ്ട് ട്രാഫിക് വാര്‍ഡന്മാരും ഒരു സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് എതിരെ മാത്രമാണ്. ഇവര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതേസമയം അഖിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മെഡിക്കല്‍ കോളജിലെ ട്രാഫിക് വാര്‍ഡന്മാരായ സജീവനും ഷഫീഖും അഖിലിനെ മര്‍ദിച്ചത്. ഹൃദയ സ്തംഭനത്തത്തുടര്‍ന്ന് മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്ന ഇവര്‍ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇതേത്തുടര്‍ന്ന് ട്രാഫിക് വാര്‍ഡന്മാരെത്തി ഇരുവരേയും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
Story Highlights: akhil attacked CCTV footage from thiruvananthapuram medical collage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here