സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതി 24 വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ

1999 ഫെബ്രുവരി ഏഴാം തീയതി കോഴിക്കോട് ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ. 24 വര്‍ഷങ്ങൾക്ക് ശേഷമാണ് ഈ കേസിലെ പ്രതി ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസിനെ നടക്കാവ് പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
ജില്ലാഭരണകൂടവും ടൂറിസംവകുപ്പും സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീതപരിപാടിക്കിടെയാണ് ഇയാൾ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് വരുന്ന ആളാണ് അസീസ്.
ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ്‌കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. രാത്രി ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്സസ് ഹോസ്റ്റലിനു മുന്‍വശത്തു നിന്നാണ് കല്ലേറുണ്ടായത്. യേശുദാസിനെയും ചിത്രയെയും ലക്ഷ്യമാക്കിയാണ് പ്രതി കല്ലെറിഞ്ഞത്. ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായളായിരുന്നു അസീസെന്ന് പൊലീസ് പറയുന്നു.
കേസില്‍ പ്രതിയായ അസീസിനെതിരെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആദ്യം മാത്തോട്ടത്ത് താമസിച്ചിരുന്ന ഇയാൾ പിന്നീട് മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൻ കുന്നത്ത് വീട്ടിലേക്ക് മാറി. അയൽവാസി നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights: Man arrested for pelting stones at singers Yesudas, Chithra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here