പതിനായിരത്തില്‍ ഒരാള്‍ നിങ്ങളാണെങ്കില്‍ സ്റ്റെംസെല്‍ ദാനം ചെയ്യാന്‍ മനസുണ്ടോ?; ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആദിത്യന് കാത്തിരിപ്പിലാണ്

എപ്ലാസ്റ്റിക് അനീമിയയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒന്‍പതാം ക്ലാസുകാരനായ ആദിത്യ കൃഷ്ണ കാത്തിരിക്കുന്നത് പതിനായിരത്തില്‍ ഒരുവനാകാന്‍ സാധ്യതയുള്ള ഒരു മനുഷ്യനെയാണ്. രോഗം മാറാനുള്ള ഒരേയൊരു പ്രതിവിധിയായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള സ്റ്റെം സെല്‍ ദാതാവിനെയാണ് ആദിത്യന് കാത്തിരിക്കുന്നത്. ആദിത്യന്റെ ശസ്ത്രക്രിയയ്ക്ക് അനുയോജ്യനായ ദാതാവ് പതിനായിരത്തില്‍ ഒരാളെ ഉണ്ടാകൂ എന്നതിനാല്‍ തന്നെ ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ പകച്ചിരിക്കുകയാണ് ഒരു കുടുംബം. സുമനസുകള്‍ കൂട്ടമായി എത്തി സ്രവസാമ്പിളുകള്‍ ഒത്തുനോക്കുക എന്നതല്ലാതെ ദാതാവിനെ കണ്ടെത്താന്‍ ഒരു വഴിയുമില്ലെന്ന് മനസിലാക്കിയ കുടുംബം അതിനായി ക്യാംപെയ്ന് സംഘടിപ്പിച്ചിരിക്കുകയാണ്. (9th class student searching for stem cell donor to treat aplastic anemia)
ഫെബ്രുവരി 26 ന് കൊച്ചി കലൂര്‍ പൊറ്റക്കുഴി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിശോധന നടക്കുക. 18 വയസ് മുതല്‍ 50 വയസുവരെയുള്ള ആര്‍ക്കും മാച്ച് നോക്കാവുന്നതാണ്. രാവിലെ 9 മുതല്‍ അഞ്ച് മണിവരെയാണ് പരിശോധനകള്‍ നടക്കുക. മൂക്കില്‍ നിന്നോ കവിളില്‍ നിന്നോ എടുക്കുന്ന ശ്രവസാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. പരിശോധനയില്‍ മാച്ച് കണ്ടെത്തിയാല്‍ രക്തദാനത്തിന് സമാനമായ ലളിതമായ മാര്‍ഗത്തിലൂടെ സ്റ്റെംസെല്ലുകള്‍ ദാനം ചെയ്യാവുന്നതാണ്.
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കുട്ടിയുടെ ചികിത്സ നടക്കുന്നത്. പതിനായിരത്തില്‍ ഒന്ന് മുതല്‍ 20 മില്യണില്‍ ഒരാള്‍ക്ക് വരെയാണ് ദാതാവാകാന്‍ സാധിക്കുക എന്നതിനാല്‍ പരിപാടിയില്‍ വലിയ പങ്കാളിത്തമുണ്ടാകേണ്ടത് അനിവാര്യമാണ്. ആദിത്യന്റെ ക്ലാസ്മേറ്റിന്റെ പിതാവെന്ന നിലയില്‍ സിനിമാ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി വലിയ പങ്കാളിത്തം സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായതോടെ നിരവധി പേരാണ് ആദിത്യയ്ക്കായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്. എളമക്കര ഭവന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യ കൃഷ്ണ.
Story Highlights: 9th class student searching for stem cell donor to treat aplastic anemia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here