സഞ്ചി പരിശോധിച്ചു, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്‌തെന്ന് പൊലീസ്

കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ആള്‍ക്കൂട്ട വിചാരണ സ്ഥിരീകരിച്ച് പൊലീസ്. ആദിവാസിയാണെന്നറിഞ്ഞ് ബോധപൂര്‍വ്വം ചോദ്യം ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിലുള്ള മനോവിഷമം കൊണ്ടാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ മാസം പത്തിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.(police confirmed there was a mob trail in viswanathan’s death)
വിശ്വനാഥനെ മെഡിക്കല്‍ കോളജിലെ മാതൃ ശിശു പരിചരണ കേന്ദ്രത്തിന്റെ പരിസരത്തുവച്ച് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ആദിവാസി ആണെന്ന് മനസിലാക്കിയാണ് ആളുകള്‍ മോഷണകുറ്റം ആരോപിച്ചതെന്നും ചോദ്യം ചെയ്തതെന്നും മനുഷ്യാവകാശ കമ്മിഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്ത ശേഷം സ്ഥലത്ത് നിന്ന് വിശ്വനാഥന്‍ ഓടിപ്പോകുകയായിരുന്നു.
നൂറിലേറെ പേരുടെ മൊഴി ശേഖരിച്ചിട്ടും കേസില്‍ പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസി ടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണം വേഗത്തിലാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എട്ട് പേര്‍ വിശ്വനാഥനുമായി അടുത്ത് നിന്ന് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണോദ്യോഗസ്ഥന്‍ കമ്മീഷനെ അറിയിച്ചു.
Read Also: ആദിവാസി യുവാവിന്‍റെ മരണം; വിശ്വനാഥന്റെ ഷർട്ട് കണ്ടെടുത്തു, പോക്കറ്റിൽ 140 രൂപ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സ്വമേധയാ എടുത്ത കേസിലാണ് പ്രത്യേകാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഭക്ഷണം കഴിച്ചതാണോ വാങ്ങിത്തരണോ എന്നാണ് വിശ്വനാഥനെ അവസാനമായി കണ്ട ആള്‍ ചോദിച്ചത്. ഭക്ഷണം കഴിച്ചെന്നു പറഞ്ഞ് ചോറ്റുപാത്രം കാണിച്ചെന്നും മൊഴിയിലുണ്ട്. ഇതിന് ശേഷം കുറച്ച് ദൂരം നടന്നുപോയ വിശ്വനാഥന്‍ പെട്ടന്ന് മതിലിനപ്പുറത്തേക്ക് ചാടി ഓടുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.
Story Highlights: police confirmed there was a mob trail in viswanathan’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here