കൽപ്പനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് വിശ്വസിച്ചിരുന്നു; ഹരീശ്രീ അശോകൻ

സുബി സുരേഷിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ഹരീശ്രീ അശോകൻ. സുബിയെ എനിക്ക് വർഷങ്ങളായി അറിയാം. സുബി മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മികച്ച കലാകാരിയാണ് സുബി. അത് സ്റ്റേജ് പ്രോഗ്രാമിൽ ആണെങ്കിലും സിനിമ, സീരിയൽ രംഗത്താണെങ്കിലും ഏത് രീതിയിലാണ് ചെയ്യേണ്ടതെന്ന് അറിയാവുന്ന ഒരാളാണ് സുബി. സുബിയെ എപ്പോൾ കണ്ടാലും ഞാൻ പായാറുണ്ട് കൽപനയുടെ ഒരു ഗ്യാപ് ഒഴിഞ്ഞ് കിടക്കുകയാണെന്ന്. നോക്കാം ചേട്ടാ, ഞാൻ ശ്രമിക്കുന്നുണ്ടെന്ന് സുബി ചിരിച്ചുകൊണ്ട് പറയാറുണ്ട്. കൽപനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുബി നമ്മെ വിട്ടു പോയിരിക്കുന്നു. വളരെ സങ്കടപ്പെടുത്തുന്നതാണ് ഈ വിടവാങ്ങലെന്ന് ഹരീശ്രീ അശോകൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ഇന്ന് സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: Harisree Ashokan About Subi Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here