ത്രിപുരയിൽ ഗോത്ര മേഖലയിൽ ബിജെപിക്ക് തിരിച്ചടി; മുന്നേറി തിപ്ര മോത

ത്രിപുരയിൽ ഗോത്ര മേഖലകളിൽ ബിജെപിക്ക് തിരിച്ചടി. തിപ്ര മോതയാണ് ഗോത്ര മേഖലകൾ പിടിച്ചെടുത്തിരിക്കുന്നത്. അംപിനഗർ, ആശരാംബരി, ചരിലാം, കരംചര, കർബൂക്ക്, മണ്ഡൈബസാർ, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാർ, സിംന, തകർജല, തെലിയാമുറ എന്നിവിടങ്ങളിലാണ് തിപ്ര മോത നിലവിൽ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ( Tipra Motha leads in tripura tribal areas )
അതേസമയം, ത്രിപുരയിൽ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോൺഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 23-23 ലാണ് ഇരു പക്ഷവും നിന്നിരുന്നത്. നിലവിൽ ബിജെപി 31 ലേക്ക് ലീഡ് ഉയർത്തിയിരിക്കുകയാണ്.
ത്രിപുരയിൽ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിർണായകമാകുക. ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങൾക്കായി ഗ്രേറ്റർ ടിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാർട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
പാർട്ടി അധ്യക്ഷൻ ദേബ് ബർമ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാൻ സുതാര്യതയിൽ വിശ്വസിക്കുന്ന ഒരു ചെറിയ പാർട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാർട്ടി അധ്യക്ഷൻ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബർമയെ നിയമിച്ചെങ്കിലും അഴിമതിക്കാർക്കുവേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ദേബ് ബർമ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബർമ പിറവികൊടുത്തത്.
2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേബ് ബർമ പ്രഖ്യാപിച്ചു. തുടർന്ന് ഐഎൻപിടി, ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ൽ തിപ്ര പാർട്ടിയിൽ ലയിച്ചു.
അങ്ങനെ പിന്നീടുവന്ന ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎൻപിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വർഷത്തെ ഇടതുപക്ഷ ഭരണം കൗൺസിലിൽ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാർട്ടിയുമായും സഖ്യമില്ലാതെ കൗൺസിലിൽ അധികാരം നിലനിർത്തിയ ഏക പ്രാദേശിക പാർട്ടിയായി തിപ്ര മാറി.
Story Highlights: Tipra Motha leads in tripura tribal areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here