Advertisement

ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണവിധേയമെന്ന് എറണാകുളം ജില്ലാ കളക്ടർ

March 4, 2023
2 minutes Read
brahmapuram fire

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിൽ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തൽ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിൽ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തൽ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂർണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ ഫയർ യുണിറ്റുകൾ സജ്ജമാക്കുമെന്നും കളക്ടർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. അഗ്‌നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറി നിർദേശിച്ചു. Brahmapuram fire is under control

നൂറു ഏക്കറോളമുള്ള മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കൽ സമീപനമാണ് നടത്തുന്നത്. ഇതിൽ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഈ രീതിയിൽ മേഖല തിരിച്ചുള്ള തീയണയ്ക്കൽ തുടരുന്നതാണ് അഭികാമ്യമെന്ന് ഉന്നതതലയോഗം നിർദേശിച്ചു.

നിലവിലുള്ള 27 യൂണിറ്റുകൾക്ക് പുറമേ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ ഞായറാഴ്ച്ച വിന്യസിക്കും. സമീപത്തെ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയിൽ നിന്ന് രണ്ടു വലിയ പമ്പുകൾ എത്തിക്കും. ചെറിയ ഡീസൽ പമ്പുകൾ ലഭ്യമാക്കാനും തീരുമാനിച്ചു. അതേസമയം കാറ്റിന്റെ ദിശ മാറി മാറി വരുന്നത് യുണിറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ കാറ്റ് വീശുന്നത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക കൂടുതലായി ഉയരുന്നതിനും കാരണമാകുന്നുണ്ട്.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീ പടരുന്നു; പ്രദേശത്ത് കനത്ത പുകയും രൂക്ഷ ഗന്ധവും പടരുന്നു

നേരത്തേ നേവിയുടെ ഹെലികോപ്ടറിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നു. എന്നാൽ ഇത് തുടക്കത്തിൽ ഫലപ്രദമായിരുന്നെങ്കിലും പുക ഉയരുന്നതിനാൽ അഗ്നിസേനാ വിഭാഗത്തിന് താഴെ നിന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നു. അതിനാൽ ഹെലികോപ്ടറിലെ വെള്ളമുപയോഗിച്ചുള്ള തീയണയ്ക്കൽ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്നും കളക്ടർ പറഞ്ഞു.

Story Highlights: Brahmapuram fire is under control

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top