Advertisement

ലോകായുക്തക്ക് മിണ്ടാട്ടമില്ല, ഒരു വര്‍ഷമായിട്ടും വിധിയില്ല; മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസിൽ വിമർശിച്ച് കെ. സുധാകരന്‍

March 5, 2023
3 minutes Read
k sudhakaran against pinarayi

മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നല്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തുമ്പോൾ പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു.(K sudhakaran against lokayukta on kerala cm relief fund)

ഹീയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രിംകോടതി നിര്‍ദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താല്‍ അത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് അതിവേഗം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും കൊണ്ടുവന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെങ്കിലും ഇപ്പോള്‍ പിണറായി വിജയന്‍ മാത്രമാണ് അധികാരത്തിലുള്ളത്.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്‌ലേറ്റ് അഥോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്.

സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇകെ നയനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയന്‍ തന്നെ മുമ്പ് വാഴ്ത്തിപ്പാടിയിട്ടുണ്ട്.

വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോള്‍. തൊട്ടടുത്ത കര്‍ണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണമെന്ന് സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights: K sudhakaran against lokayukta on kerala cm relief fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top