ബലാത്സംഗത്തിൽ ഗർഭിണിയായി; യൂട്യൂബ് വിഡിയോകൾ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി

മഹാരാഷ്ട്രയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി. ബലാത്സംഗത്തിൽ ഗർഭിണിയായ കുട്ടിയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യൂട്യൂബ് വിഡിയോകൾ നോക്കി സ്വയം പ്രസവിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. (rape pregnant baby murder)
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് വിശദീകരിക്കുന്നു. മാസങ്ങൾക്കു മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ കുട്ടി ബലാത്സംഗത്തിനിരയാക്കിയ ആളെ പരിചയപ്പെടുന്നത്. താക്കൂർ എന്ന ഐഡിയിൽ നിന്നാണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. ആളുടെ മുഴുവൻ പേരോ വിലാസമോ മറ്റ് വിവരങ്ങളോ ഒന്നും കുട്ടിക്ക് അറിയുമായിരുന്നില്ല. വോയിസ് കോളുകളിലൂടെയും മെസേജിലൂടെയുമാണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. തൻ്റെ മൊബൈൽ നമ്പരും ഇയാൾ കുട്ടിക്ക് നൽകിയിരുന്നില്ല. ഇത് കൊണ്ടുതന്നെ ഇയാളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ദേഷ്യപ്പെട്ട് അമ്മ ഈ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. പിന്നീട് അമ്മയുടെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ബ്രൗസിംഗ് ഹിസ്റ്ററിയും ഡൗൺലോഡ് ചെയ്ത ഫയലുകളും കുട്ടി ഡിലീറ്റ് ചെയ്തിരുന്നു.
മാർച്ച് രണ്ടിനാണ് കുട്ടി പ്രസവിച്ചത്. മാളിൽ ജോലി ചെയ്യുന്ന അമ്മ വെള്ളിയാഴ്ച രാത്രി തിരികെ വീട്ടിലെത്തിയപ്പോൾ പല സ്ഥലങ്ങളിലും രക്തം കിടക്കുന്നതായി കണ്ടു. മകളെ വളരെ ക്ഷീണിതയായും അവർ കണ്ടെത്തി. ആർത്തവ രക്തമാണ് നിലത്തുകിടക്കുന്നതെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുട്ടി സത്യം തുറന്നുപറഞ്ഞു. കുഞ്ഞിൻ്റെ കരച്ചിൽ അയൽവാസികളുടെ ശ്രദ്ധ ക്ഷണിക്കാൻ തുടങ്ങിയപ്പോൾ ബെൽറ്റ് കൊണ്ട് കുഞ്ഞിൻ്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ടെറസിൻ്റെ മുകളിൽ വച്ചു എന്നും പെൺകുട്ടി അമ്മയെ അറിയിച്ചു.
വിവരമറിഞ്ഞ അമ്മ കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിവരമറിയിച്ചത്. സുഹൃത്തിൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം താക്കൂർ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ വയർ വീർത്തുവരുന്നത് അമ്മയുടെയും അയൽവാസികളുടെയും ശ്രദ്ധയിൽ പെട്ടെങ്കിലും അസുഖബാധിതയാണെന്നു പറഞ്ഞ് കുട്ടി ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
Story Highlights: rape girl pregnant youtube baby murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here