ബ്രഹ്മപുരം മാലിന്യപ്പുക; മാസ്ക് നിർബന്ധം, ‘ശ്വാസ്’ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി

ബ്രഹ്മപുരത്തെ മാലിന്യപ്പുകയിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി. എറണാകുളം ജില്ലയിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വീണാ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു പ്രതിരോധമാണ് മാസ്ക് എന്നും ആരോഗ്യ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.
ഗർഭിണികൾ കുഞ്ഞുങ്ങൾ രോഗികൾ പ്രായമായവർ മാസ്ക് ധരിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് ഉറപ്പുവരുത്തണം. മാലിന്യപ്പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കായി വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അർബൻ ക്ലിനിക്കൽ സെൻ്ററുകളിൽ ‘ശ്വാസ്’ ക്ലിനിക്കുകൾ തുടങ്ങുമെന്നും സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌മോക്ക് എക്സ്പോഷർ കുറയ്ക്കാൻ ജാഗ്രത വേണം. സ്‌മോക്ക് എക്സ്പോഷർ അനുഭവപ്പെട്ട് ചികിത്സ തേടിയിട്ടുള്ള പലർക്കും തുടർ ചികിത്സ ആവശ്യമായി വന്നില്ല എന്നുള്ളത് ആശ്വാസകരമാണ്. മാലിന്യപ്പുക ചൂട് എന്നിവയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കേണ്ടതാണ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവേ ചൊവ്വ മുതൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ മാധ്യമങ്ങളെ ഉപയോഗിക്കുമെന്നും വീണാ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Brahmapuram fire; masks will be mandatory ‘Swas’ clinics will be started-Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here