ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ദക്ഷിനാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കും. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്. (south africa ipl match)
സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം, ടീമംഗങ്ങളായ മാർക്കോ യാൻസൻ, ഹെൻറിച് ക്ലാസൻ, ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ ആൻറിച് നോർക്കിയ, ലുങ്കി എങ്കിഡി, ലക്നൗ സൂപ്പർ ജയൻ്റ്സ് വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക്, മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ്, ഗുജറാത്ത് ടൈറ്റൻസിന്റെ ഡേവിഡ് മില്ലർ, പഞ്ചാബ് കിംഗ്സിൻ്റെ കഗീസോ റബാഡ എന്നിവർക്കൊക്കെ ആദ്യ മത്സരം നഷ്ടമാവും.
Read Also: ഝൈ റിച്ചാർഡ്സൺ ഐപിഎൽ കളിച്ചേക്കില്ല; മുംബൈക്ക് തിരിച്ചടി
അതേസമയം, പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ ഝൈ റിച്ചാർഡ്സൺ ഐപിഎലിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ പരുക്കേറ്റ് പുറത്തായതിനാൽ റിച്ചാർഡ്സൺ – ആർച്ചർ പേസ് നിരയെ മുംബൈ കളിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, റിച്ചാർഡ്സണു പരുക്കേറ്റത് മുംബൈ മാനേജ്മെൻ്റിന് വീണ്ടും തലവേദനയാവും.
ജനുവരി ആദ്യ വാരമാണ് റിച്ചാർഡ്സണു പരുക്കേറ്റത്. രണ്ട് മാസം നീണ്ട വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം പ്രാദേശിക ടീമിനായി കളിക്കാനിറങ്ങിയ റിച്ചാർഡ്സൺ 4 ഓവർ മാത്രം എറിഞ്ഞ് കളം വിട്ടു. പിന്നാലെ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന താരത്തെ മാറ്റി നഥാൻ എല്ലിസിനെ ഉൾപ്പെടുത്തി. റിച്ചാർഡ്സണിൻ്റെ പരുക്കിനെപ്പറ്റി കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിന് ഐപിഎൽ നഷ്ടമാവുമെന്നാണ് സൂചന.
ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഐപിഎൽ സീസൺ മുഴുവൻ കളിക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് ആർച്ചർ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ബുംറയുടെ അസാന്നിധ്യം ഉറപ്പായ മുംബൈ ഇന്ത്യൻസിന് ഇത് വലിയ ആശ്വാസമാവും.
Story Highlights: south africa players miss ipl first match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here