വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ചേർന്ന് നിർവഹിക്കും

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കത്താണ് പരിപാടി നടക്കുന്നത്. സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 603 ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ സംഘാടക സമിതിയോഗം തീരുമാനിച്ചു.
സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് തന്നെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വർക്കിംഗ് ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭാദ്ധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ജനറൽ കൺവീനറും സാംസ്‌കാരികവകുപ്പ് സെക്രട്ടറി കൺവീനറുമാണ്.
ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ 100 ചലച്ചിത്ര പ്രദർശനം, തമിഴ്നാട്ടിലെയും കേരളത്തിലെയും നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് ജാഥകൾ, വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണജാഥയുടെ പുനരാവിഷ്‌കാരം, മഹാകൺവെൻഷനുകൾ, ഇ.വി. രാമസ്വാമി നായ്ക്കർ അനുസ്മരണം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
Story Highlights: Pinarayi, Stalin to inaugurate centenary celebrations of Vaikom Satyagraha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here