Advertisement

‘സംഘര്‍ഷഭരിതമായ ദിനരാത്രങ്ങള്‍ക്കിടയില്‍ അവന്‍ കഷ്ടപ്പെട്ട് നേടിയതാണ്…’; മകന്‍ അഭിഭാഷകനായതില്‍ സന്തോഷം പങ്കുവച്ച് മഅദ്‌നി

March 19, 2023
3 minutes Read
Abdul Nasir Maudany facebook post on son advocate

മകന്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തത് അറിയിച്ചുകൊണ്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മഅദ്‌നിയുടെ മകന്‍ സബാഹുദ്ദീന്‍ അയ്യൂബി ഇന്ന് കളമശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങിലാണ് എന്റോള്‍ ചെയ്തത്. സംഘര്‍ഷ ഭരിതമായ ദിനരാത്രങ്ങള്‍ക്കിടയില്‍ കഷ്ടപ്പെട്ട് മകന്‍ നേടിയെടുത്തതാണ് ഇതെല്ലാമെന്ന് മഅദ്‌നി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ തന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇപ്പോള്‍ അണിയുകയാണെന്ന് വൈകാരികമായ കുറിപ്പില്‍ മഅദ്‌നി പറഞ്ഞു. മകനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം മഅദ്‌നി പങ്കുവച്ചിട്ടുണ്ട്. ( Abdul Nasir Maudany facebook post on son advocate)

തന്റെ ജയില്‍വാസത്തിനിടെ മകന് തന്റെ ബാല്യകാലത്ത് നേരിടേണ്ടിവന്ന ദുഖകരമായ ചില അനുഭവങ്ങള്‍ കുറിപ്പിലൂടെ മഅദ്‌നി പങ്കുവച്ചിട്ടുണ്ട്. ‘ഒരിക്കല്‍ ഭാര്യ സൂഫിയായെ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകള്‍ കൊണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജയില്‍ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓര്‍മ്മയാണ്.’ മഅദ്‌നി എഴുതി. ഈ നേട്ടത്തില്‍ തന്റെ മകനൊപ്പം നിന്നവര്‍ക്ക് കുറിപ്പിലൂടെ മഅദ്‌നി നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സ്തുതികള്‍ അഖിലവും ജഗന്നിയന്താവിന്…

എന്റെ പ്രിയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് കുറച്ച് മുന്‍പ് 10.26 മണിക്ക് അഡ്വക്കേറ്റായി എന്റോള്‍ ചെയ്തു.
എറണാകുളം കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.എന്‍.അനില്‍ കുമാര്‍ (ചെയര്‍മാന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളാ) മനോജ്കുമാര്‍.എന്‍ (ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം),
ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറല്‍), കെ.പി ജയചന്ദ്രന്‍ (അഡീ. അഡ്വക്കേറ്റ് ജനറല്‍), നസീര്‍ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇന്ന് അണിഞ്ഞു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസില്‍ കുടുക്കി എന്നെ കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂര്‍ സേലം ജയിലുകളിലെ സന്ദര്‍ശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയില്‍ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു.
പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്.
ഒരിക്കല്‍ ഭാര്യ സൂഫിയായെ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകള്‍ കൊണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജയില്‍ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓര്‍മ്മയാണ്.
ഇന്ന്,നല്ല മാര്‍ക്കോടെ എല്‍.എല്‍.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോള്‍ അവിടെ എത്തിപ്പെടാന്‍ ഒട്ടനവധി വിഷമങ്ങള്‍ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.
എറണാകുളം തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലെ LKG പഠനവും നിലമ്പൂര്‍ Peeveesലെ UKG,1 പഠനവും പിന്നീട് ഒന്‍പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും Peeveesല്‍ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എല്‍.എല്‍.ബിക്ക് മുന്‍പ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകള്‍.
പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘര്‍ഷഭരിതമായ ദിനരാത്രങ്ങള്‍ക്കുമിടയില്‍ വളരെ കഷ്ടപ്പെട്ട് അവന്‍ നേടിയെടുത്ത നേട്ടങ്ങളാണ്.
വല്ലാത്ത വാത്സല്യം നല്‍കി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകര്‍…
തളര്‍ന്ന് വീണുപോകാതെ താങ്ങി നിര്‍ത്തിയ ഒട്ടധികം സുമനസ്സുകള്‍..
എല്ലാവര്‍ക്കും എല്ലാവര്‍ക്കും കാരുണ്യവാന്‍ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ നിസ്സഹായര്‍ക്കും കൈത്താങ്ങായി മാറാന്‍ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ… ജഗന്നിയന്താവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അവന് എപ്പോഴും ലഭ്യമാകുവാന്‍ എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അബ്ദുന്നാസിര്‍ മഅ്ദനി
ബാംഗ്ലൂര്‍

Story Highlights: Abdul Nasir Maudany facebook post on son advocate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top