മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് വിതരണം നാളെ

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്, വജ്ര, സുവർണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ആശുപത്രി, ഹോട്ടൽ & റസ്റ്റാറണ്ട്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, സ്റ്റാർ ഹോട്ടൽ & റിസോർട്ട്, മെഡിക്കൽ ലാബ്, സൂപ്പർ മാർക്കറ്റുകൾ ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നാളെ ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യാതിഥിയായ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ വജ്ര അവാർഡുകളും, തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാർ സുവർണ അവാർഡുകളും വിതരണം ചെയ്യും. ലേബർ കമ്മിഷണർ ഡോ കെ വാസുകി, അഡീ ലേബർ കമ്മിഷണർ കെ എം സുനിൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എഎൽഒമാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.
Story Highlights: Distribution of Chief Minister’s Excellence Award for best institutes tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here