Advertisement

റസ്റ്റ് ഹൗസുകളിൽ നിന്നും 4 മാസം കൊണ്ട് മാത്രം രണ്ടേകാല്‍ കോടി; ഒന്നരവര്‍ഷത്തിനുള്ളില്‍ ആറേകാല്‍ കോടി, നന്ദി പറഞ്ഞ് മന്ത്രി റിയാസ്

March 30, 2023
2 minutes Read
minister pa muhammad riaz said that the rest house reform is a success

റസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. സമയം ഏകീകരിച്ച ശേഷമുള്ള നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. റൂം ബുക്കിംഗ് ഓൺലൈൻ ആക്കിയ ശേഷമുള്ള ഒരു വര്‍ഷം കൊണ്ട് നാല് കോടി രൂപ വരുമാനം ലഭിച്ചിരുന്നു. 2023 മാര്‍ച്ച് മാസം 25 ആകുമ്പോഴേക്കും ആകെ വരുമാനം ആറേകാല്‍ കോടി ആയി വർധിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

തിരുവനന്തപുരത്തെ തൈക്കാട് റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് മാസം 1 മുതല്‍ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചിരിക്കുകയാണ്. കോഴിക്കോട് റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 1,06,534 രൂപ ലഭിക്കുകയുണ്ടായി. മൂന്നാര്‍ റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ആകെയുണ്ടായിരുന്ന ബുക്കിംഗ് 99 ആയിരുന്നു. 2023 മാര്‍ച്ച് മാസം ഇതുവരെ അത് 311 ആയി വര്‍ദ്ധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായി.

2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസ് എന്ന പേരില്‍ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. അതിന് ശേഷം റസ്റ്റ് ഹൗസുകളിലെ ബുക്കിംഗ് പടിപടിയായി ഉയര്‍ന്നു. റസ്റ്റ് ഹൗസുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കാന്‍ മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്കിറങ്ങി. സര്‍ക്കാര്‍ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍.

റസ്റ്റ് ഹൗസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നുവെന്നും അത് പ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ റൂം ബുക്ക് ചെയ്താല്‍ വന്ന് താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോള്‍ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. അതോടെ വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പീപ്പിള്‍ റസ്റ്റ് ഹൗസുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു – മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: minister pa muhammad riaz said that the rest house reform is a success

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top