ഫെയ്സ്ബുക്കിൽ കൈപ്പത്തി ചിഹ്നം പങ്കുവെച്ച് എകെ ആന്റണിയുടെ ഇളയമകൻ അജിത് പോൾ ആന്റണി; സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നു, ഇപ്പോൾ പോസ്റ്റ് അപ്രത്യക്ഷം

അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എ.കെ ആന്റണിയുടെ ഇളയ മകൻ അജിത് പോൾ ഫെയ്സ്ബുക്കിൽ കൈപ്പത്തി ചിഹ്നം പങ്കുവെച്ച് പോസ്റ്റിട്ടുവെന്ന് കാട്ടി സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നു. എന്നാലിപ്പോൾ അജിത് പോളിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇത്തരത്തിലൊരു പോസ്റ്റ് കാണുവാൻ സാധിക്കുന്നില്ല. പ്രചരിക്കുന്നത് വ്യാജ പോസ്റ്റാണോ അതോ അദ്ദേഹം പോസ്റ്റ് പിൻവലിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ( AK Antony’s son Ajit Paul Antony shared Congress symbol on Facebook ).
അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശം കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെ മുരളീധരൻ എം.പി പ്രതികരിച്ചിട്ടുണ്ട്. അനിൽ ആന്റണിയുടെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. അനിൽ ആന്റണിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാൽ ചർച്ചയിലൂടെ അത് പരിഹരിക്കാമായിരുന്നു. അല്ലാതെ എ കെ ആന്റണിയെ വേദനിപ്പിക്കരുതായിരുന്നു. അനിൽ പ്രവർത്തിച്ചത് ടെക്‌നിക്കൽ രംഗത്ത് മാത്രമാണ്. താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. അതേസമയം എന്ത് തിക്താനുഭവം ഉണ്ടായാലും താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബിജെപിയിൽ പോകാനുള്ള അനിൽ ആന്റണിയുടെ തീരുമാനം മണ്ടത്തരം; ബെന്നി ബെഹനാൻ
അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അനിൽ ആന്റണി ബിജെപിയുടെ കെണിയിൽ വീഴുകയായിരുന്നു. ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു. അനിൽ കോൺഗ്രസ്സ് വിട്ടുപോയത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവൻ സ്വന്തം ജീവിതം കോൺഗ്രസ്സിനു സമർപ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അൽപം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.
Story Highlights: AK Antony’s son Ajit Paul Antony shared Congress symbol on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here