‘സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു; പുലർച്ചെ രത്‌നഗിരിയിലേക്ക്’; ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്

എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. ( shahrukh saifi statement )
‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഷാരുക് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Story Highlights: shahrukh saifi statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here