യൂത്ത് കോൺഗ്രസിന്റെ വീണ ജോർജിനെതിരായ പോസ്റ്റർ പ്രചാരണം മ്ലേച്ഛമായ പ്രവർത്തനം: സിപിഐഎം

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എത്രയും തരംതാഴ്ന്ന പ്രവർത്തനം നടത്താൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രിക്കെതിരെ പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തനത്തിന് തന്നെ അപമാനമാണ്. ഏതു വിധത്തിലും രാഷ്ട്രീയ ഏതിരാളികളെ തോജോവധം ചെയ്യുന്ന മ്ലേച്ഛമായ പ്രവർത്തന രീതി ശക്തമായി എതിർക്കപ്പെടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. CPIM criticises Youth Congress on posters of Veena George
ഗ്രൂപ്പ് പോരിൽ സംഘടനാ സംവിധാനം തന്നെ ജില്ലയിൽ തകർന്ന കോൺഗ്രസിൽ ഒരു നേതൃത്വത്തിനും നിയന്ത്രിക്കാനാവാത്ത വിധത്തിൽ ചിലർ മാറിയെന്നതിന്റെയും തെളിവാണിത് എന്ന് അദ്ദേഹം പറഞ്ഞു. ഏതു വിധത്തിലും മാധ്യമ ശ്രദ്ധ നേടാൻ എന്തു വൃത്തികെട്ട പ്രവർത്തനത്തിനും ഇവർ ശ്രമിക്കുകയാണ്. ഇത്തരം ദുഷ്ട ശക്തികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം എന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.
കോൺഗ്രസ് വക്താവെന്ന നിലയിൽ ചില ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന അടൂർ സ്വദേശിയുടെ അറിവോടെയാണ് ഇരുളിന്റെ മറവിൽ അധിക്ഷേപകരമായ പ്രവർത്തനം നടത്തിയതെന്ന് വ്യക്തമായതായി അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസിനെ തടഞ്ഞതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണം. ചിലരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയിൽ ആശയ സംവാദത്തെ ഭയക്കുന്നവരാണ് ഇത്തരത്തിൽ ഹീനമായ വിധത്തിൽ പ്രവർത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും സ്പർധ വളർത്താനുമാണ് ഇക്കൂട്ടർ വ്യാജപോസ്റ്റർ പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്. അതുവഴി ആരോഗ്യ മന്ത്രിയേയും സിപിഐ എമ്മിനെയും സമൂഹത്തിൽ താറടിച്ച് കാണിക്കാനുമായിരുന്നു ശ്രമം. എല്ലാ വിഭാഗങ്ങളുമായി സൗഹാർദ്ദത്തോടെയും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയെയും സിപിഐഎമ്മിനെയും സമൂഹത്തിൽ ഒറ്റപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും കെപി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: CPIM criticises Youth Congress on posters of Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here