‘വന്ദേ ഭാരതിന്റെ വേഗതയിൽ കേരളത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, ജനശതാബ്ദിയുടെ വേഗതയേ പറ്റുകയുള്ളൂ’; മന്ത്രി അബ്ദുറഹ്‌മാൻ ട്വന്റിഫോറിനോട്

വന്ദേ ഭാരത ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ ട്വന്റിഫോറിനോട്. കേരളവുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ( minister abdurahman against vande bharat )
ട്രെയിൻ കേരളത്തിന് അർഹതപ്പെട്ടത് തന്നെയാണ്. പക്ഷേ, വന്ദേ ഭാരതിന്റെ വേഗതയിൽ കേരളത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. ജനശതാബ്ദി വേഗതയിൽ മാത്രമെ ഓടിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് തന്നെ അവ്യക്തകൾ ഏറെ നിലനിൽക്കുന്നുണ്ടെന്നും സ്റ്റോപ്പുകൾ സംബന്ധിച്ച് വ്യക്തയില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വന്ദേ ഭാരത് കേരളത്തിൽ എത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. ഈ മാസം 22ന് ട്രയൽ റൺ നടക്കും. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.
Story Highlights: minister abdurahman against vande bharat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here