Advertisement

പെന്റഗൺ ഡോക്യുമെന്റ് ചോർച്ച: പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

April 14, 2023
2 minutes Read
Jack Teixeira

യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകള്‍ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 21 കാരനായ എയർ നാഷണൽ ഗാർഡ് അംഗത്തെ മസാച്യുസെറ്റ്‌സിൽ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (Suspect Arrested Over Pentagon Document Leaks)

നോർത്ത് ഡൈടൺ പട്ടണത്തിലെ വീട്ടിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജാക്ക് ടെയ്‌ക്‌സെയ്‌റയെ(Jack Teixeira) എഫ്ബിഐ അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയിലാണ് എഫ്ബിഐയുടെ അറസ്റ്റ്. കഴിഞ്ഞ വർഷം അവസാനത്തിനും മാർച്ചിനുമിടയിൽ അതീവരഹസ്യമായ രേഖകളുടെ നൂറുകണക്കിന് ഫോട്ടോഗ്രാഫുകൾ ആദ്യമായി അപ്‌ലോഡ് ചെയ്ത ഒരു ഓൺലൈൻ ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനാണ് ടെയ്‌സീറയെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

‘തഗ് ഷേക്കർ സെൻട്രൽ’ എന്നാണ് ഈ ഓൺലൈൻ ഗ്രൂപ്പിന്റെ പേര്. തോക്കുകൾ, സൈനിക ഉപകരണങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയിൽ താൽപ്പര്യമുള്ള 30 യുവാക്കളും കൗമാരക്കാരുമാണ് ഗ്രൂപ്പിലുള്ളത്. വംശീയ ഭാഷാപ്രയോഗം സംഘത്തിന്റെ പൊതുസ്വഭാവമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രൂപ്പിലെ മറ്റുള്ളവരെ ആകർഷിക്കാനുള്ള പ്രത്യക്ഷമായ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം രേഖകൾ പങ്കിടുന്നതെന്ന് ഗ്രൂപ്പിലെ മുൻ അംഗങ്ങൾ വാഷിംഗ്ടൺ പോസ്റ്റിനോടും ന്യൂയോർക്ക് ടൈംസിനോടും പറഞ്ഞു.

അതേസമയം യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് അറസ്റ്റ് സ്ഥിരീകരിച്ചു. എയർ നാഷണൽ ഗാർഡ്‌സ്മാൻ മസാച്യുസെറ്റ്‌സ് ജില്ലാ കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പുറത്തുവന്ന രേഖകളില്‍, യുക്രൈൻ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍ പെടുന്നു.

Story Highlights: Suspect Arrested Over Pentagon Document Leaks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top