യുക്രൈനിലെ വീടുകൾക്ക് നേരെ റഷ്യൻ ആക്രമണം: കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേർ യുക്രൈനിൽ കൊല്ലപ്പെട്ടു. കിഴക്കൻ ഡോൺബാസ് മേഖലയിലെ സ്ലോവാൻസ്‌കി നഗരത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഗവർണർ. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. (Civilians killed in Russian strike on Ukraine homes)
ഷെല്ലാക്രമണത്തിൽ അഞ്ച് വീടുകളും അഞ്ച് ഫ്‌ളാറ്റുകളും തകർന്നു. വ്യാപാര സ്ഥാപനങ്ങൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചതായും ഏഴുപേരെ കാണാനില്ലെന്നും, ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഗവർണർ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്നും എസ്-300 മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ക്രൂരമായ ആക്രമണത്തെ അപലപിച്ചു. ‘പകൽ വെളിച്ചത്തിൽ ആളുകളെ കൊന്നൊടുക്കുന്നു, രാജ്യത്തെ മുഴുവൻ ജീവിതത്തെയും നശിപ്പിക്കുകയാണ്. റഷ്യയുടെ ദുഷ്ട ഭരണകൂടം അതിന്റെ യഥാർത്ഥ സ്വഭാവം ഒരിക്കൽ കൂടി തെളിയിച്ചു,” അദ്ദേഹം ടെലിഗ്രാമിൽ കുറിച്ചു.
Story Highlights: Civilians killed in Russian strike on Ukraine homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here