കെ.എൽ രാഹുലിന് അർധസെഞ്ചുറി; പഞ്ചാബ് കിംഗ്സിന് 160 റൺസ് വിജയലക്ഷ്യം

ഐപിഎൽ പതിനാറാം സീസണിലെ 21ാം മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്സിന് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ലക്‌നൗവിനായി നായകൻ കെ.എൽ അർധസെഞ്ചുറി നേടി. (Punjab Kings Restrict Lucknow Super Giants To 159/8)
ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ആക്ടിംഗ് ക്യാപ്റ്റൻ സാം കരൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ മികച്ച രീതിയിലാണ് കളി തുടങ്ങിയത്. ഓപ്പണിംഗ് ജോഡികളായ കെയ്ൽ മെയേഴ്സും നായകൻ ലോകേഷ് രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ 23 പന്തിൽ 29 റൺസെടുത്ത കെയ്‌ൽ മേയേഴ്‌സ് പുറത്തായി. സ്‌കോർ 62-ൽ നിൽക്കെ ഒമ്പതാം ഓവറിൽ ലക്‌നൗവിന് രണ്ടാം പ്രഹരം.
സിക്കന്ദർ റാസയുടെ പന്തിൽ ദീപക് ഹൂഡ (2) എൽബിഡബ്ല്യൂ. ഇതിനിടെ കെഎൽ രാഹുൽ ഐപിഎൽ 2023ലെ തന്റെ ആദ്യ അർധസെഞ്ചുറി നേടി. 40 പന്തിൽ നിന്നായിരുന്നു അർധസെഞ്ചുറി. സ്‌കോർ 110ൽ എത്തിയപ്പോൾ 15-ാം ഓവറിൽ ലഖ്‌നൗവിന് മൂന്നാം വിക്കറ്റ് നഷ്ടമായി. ക്രുണാൽ പാണ്ഡ്യ 17 പന്തിൽ 18 റൺസുമായി പുറത്തായപ്പോൾ അതേ ഓവറിൽ നിക്കോളാസ് പൂരനും(0) കൂടാരം കേറി. 11 പന്തിൽ 15 റൺസെടുത്ത ശേഷമാണ് മാർക്കസ് സ്റ്റോയിനിസ് പുറത്തായത്.
ഫോം കണ്ടെത്തിയതിന് പിന്നാലെ കെ.എൽ രാഹുലിനെ അർഷ്ദീപ് സിംഗ് പവലിയനിലേക്ക് അയച്ചു. 56 പന്തിൽ 74 റൺസാണ് താരം നേടിയത്. പഞ്ചാബിന് വേണ്ടി നായകൻ സാം കരൺ 3 വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡ 2 ഉം സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും നേടി.
Story Highlights: Punjab Kings Restrict Lucknow Super Giants To 159/8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here