മക്ക കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

പുണ്യനഗരിയായ മക്കയിലെ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖ സ്ഥാപനമായ ഫെയ്റൂസ് ഡെവലപ്മെന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് മക്ക കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതി ലുലു നടപ്പിലാക്കുന്നത്. മക്കയിലെ അബ്ദുല്ല അറെഫ് റോഡിലാണ് 250 മില്യണ്‍ റിയാല്‍ നിക്ഷേപമുള്ള പ്രസ്തുത പദ്ധതി. (Lulu Group is selected for the Makkah Commercial Center project)
പദ്ധതി കൈമാറ്റ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫ് അലി എം.എ, അല്‍ ഫെയ്റൂസ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ ഷെയ്ഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റഫായ് എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, വെസ്റ്റേണ്‍ റീജിയന്‍ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
200,000 ചതുരശ്ര അടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് പദ്ധതിയുടെ മുഖ്യ സവിശേഷത.വിശുദ്ധ മക്ക സന്ദര്‍ശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ രീതിയിലായിരുക്കും വാണിജ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഫുഡ് കോര്‍ട്ട്, ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്റര്‍, അന്തര്‍ദേശീയ പ്രശസ്തി നേടിയ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
മക്കയിലെ വാണിജ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍ റിഫായി പറഞ്ഞു. സൗദി അറേബ്യയില്‍ മാത്രമല്ല, ജിസിസി മേഖലയിലാകെ ആഗോള റീട്ടെയില്‍ വ്യവസായത്തിലെ മുന്‍നിര സ്ഥാപനമാണ് ലുലു. ലുലു ഗ്രൂപ്പിന്റെ ഈ അഭിമാനകരമായ സംഭാവനയെ ഷെയ്ഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റിഫായി അനുമോദിച്ചു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
‘വളരെക്കാലമായി കാത്തിരുന്ന ഈ മഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഇതിന് അവസരം നല്‍കിയ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി ഗവണ്‍മെന്റിനും നന്ദി പറയുന്നു. സൗദി ഭരണകൂടം നിക്ഷേപങ്ങളും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരമായ പിന്തുണയാണ് നല്‍കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മക്ക പദ്ധതിയില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും യൂസുഫ് അലി കൂട്ടിചേര്‍ത്തു.
Story Highlights: Lulu Group is selected for the Makkah Commercial Center project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here