എന്റെ കേരളം പ്രദര്ശന വിപണന മേള ഏപ്രിൽ 23 വരെ ആലപ്പുഴ ബീച്ചിൽ

രണ്ടാം പിണറായി സർക്കാരിന്റെ വികസന ക്ഷേമനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായുള്ള എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയ്ക്ക് ആലപ്പുഴയിൽ തുടക്കമായി. ആലപ്പുഴ ബീച്ചിലാണ് പ്രദർശന വിപണന മേള ഒരുക്കിയിട്ടുള്ളത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള ആവിഷ്കരിച്ചിരിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. (Ente Keralam mega exhibition till 23rd April at Alappuzha Beach)
ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ 200 ഓളം സ്റ്റാളുകളിലായി ആധാർ രജിസ്ട്രേഷൻ മുതൽ ഡി.പി.ആർ. ക്ലിനിക്കുകൾ വരെ സജ്ജമാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട വ്യവസായ (എം.എസ്.എം.ഇ.) യൂണിറ്റുകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയും ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, തുടങ്ങിയവയും മേളയിലുണ്ട്.
ആധാർ രജിസ്ട്രേഷൻ, പുതുക്കൽ, റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങൾ, റവന്യൂ സംബന്ധമായ സേവനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ – എംപ്ലോയ്മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സേവനങ്ങളും അതത് വകുപ്പിന്റെ സ്റ്റാളുകളിൽ ലഭിക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്പ്ലെ സോണുകളും മേളയിലുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡോഗ് ഷോ, ടെക്സോണിൽ വാഹന പ്രദർശനം, സ്വയംരക്ഷാ പരിശീലന പ്രദർശനം എന്നിവയും അരങ്ങേറും. ഭക്ഷ്യമേള മുഖ്യ ആകർഷകമാകും.
നാളെ ഷഹബാസ് അമന്റെ ഗസൽ രാവ് മേളയിൽ അരങ്ങേറും. 20-ന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീതനിശ, 21-ന് ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ നയിക്കുന്ന മ്യൂസിക് ബാൻഡ്, 22-ന് കൊച്ചിൻ റിലാക്സ് അവതരിപ്പിക്കുന്ന മെഗാ ഷോ, 23-ന് താമരശ്ശേരി ചുരം ബാൻഡിന്റെ ലൈവ് ഷോ എന്നിവയും വേദിയിൽ അരങ്ങേറും.
പൂർണമായും ഭിന്നശേഷി സൗഹൃദമായാണ് ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി നിർമിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ വേദിയിൽ വിവിധ സേവനങ്ങളും പരിപാടികളും സംഘടിപ്പിക്കും. മേളയിൽ നാവിൽ രുചിയൂറും മലബാർ, കുട്ടനാടൻ വിഭവങ്ങളുമായി കുടുംബശ്രീ ഫുഡ്കോർട്ടുകളും ഉണ്ട്. 10 കുടുംബശ്രീ കൗണ്ടറുകളിലായി 80 ഓളം പേരാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെ 11 മുതൽ രാത്രി 9 മണി വരെയാണ് ഫുഡ് കോർട്ടിന്റെ പ്രവർത്തനം.
Story Highlights: Ente Keralam mega exhibition till 23rd April at Alappuzha Beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here