Advertisement

മുസ്ലീം വീടുകളില്‍ സ്ത്രീകള്‍ വേര്‍തിരിവ് അനുഭവിക്കുന്നുവെന്നാണ് എന്റേയും അനുഭവം, പക്ഷേ ഇടങ്ങള്‍ മാറുമ്പോള്‍ അവസ്ഥയും മാറുന്നു; കുറിപ്പ്

April 19, 2023
3 minutes Read
Mujeeb Rahman Kinalur on Nikhila vimal statement

കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ സ്ത്രീകള്‍ അവഗണന നേരിടുന്നുവെന്നതാണ് തന്റെ അനുഭവമെന്ന് നടി നിഖില വിമല്‍ പറഞ്ഞതിനെത്തുടര്‍ന്ന് വിഷയത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മതങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും ഇടങ്ങള്‍ മാറുന്നതിനനുസരിച്ച് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലുകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും എഴുത്തുകാരനായ മുജീബ് റഹ്മാന്‍ കിനാലൂര്‍ എഴുതിയ കുറിപ്പ് വായിക്കാം…. (Mujeeb Rahman Kinalur on Nikhila vimal statement about Muslim weddings)

നിഖില വിമല്‍ കണ്ണൂരില്‍ മുസ്ലിം വീടുകളിലെ കല്യാണത്തെ കുറിച്ച് നടത്തിയ ഒരു അനുഭവ വിവരണം ആണല്ലൊ ഇപ്പോഴത്തെ ചര്‍ച്ച. മുസ്ലിം വീടുകളില്‍ സ്ത്രീകള്‍ക്ക് രണ്ടാം പന്തി ആണെന്നും അവര്‍ വേര്‍തിരിക്കപ്പെടുന്നുണ്ട് എന്നതും ഒരു വാസ്തവമാണെന്നാണ് എന്റെയും അനുഭവം. എന്നാല്‍ ആ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നുണ്ട്. മാറാത്ത ഇടങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ യാഥാസ്ഥിതിക മത പൗരോഹിത്യം ശക്തമാണെന്ന് ഉറപ്പിക്കാം.

ഗള്‍ഫ് രാജ്യങ്ങളില്‍ കല്യാണത്തിന്ന് ആണിനും പെണ്ണിനും രണ്ട് പന്തികള്‍ ആണെന്നാണറിവ്. ഗള്‍ഫ് കല്യാണത്തില്‍ പങ്കെടുത്ത എന്റെ ഒരു പെണ്‍സുഹൃത്ത് പറഞ്ഞതോര്‍മ്മയുണ്ട്. കല്യാണ വീടുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പന്തല്‍ ആയിരിക്കും. ഹിജാബ് അണിഞ്ഞെത്തിയ സ്ത്രീകള്‍ അത് ഊരി മാറ്റി, ഈ പന്തലില്‍ ഏറ്റവും ആധുനിക ഫാഷന്‍ ഡ്രസ്സുകള്‍ അണിഞ്ഞ്, സൗന്ദര്യം പരമാവധി പുറത്ത് കാണിച്ച് പാട്ട് പാടിയും നൃത്തം ചെയ്തും ആഘോഷിക്കും. അവിടേക്ക് എത്തി നോക്കാന്‍ പോലും പുരുഷന്മാര്‍ക്ക് അനുവാദമില്ല.

ഗള്‍ഫില്‍ പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടങ്കിലും അത് വേറെ ഹാളില്‍ ആണ്. അവിടേക്ക് പ്രത്യേക വാതിലും പുരുഷന്മാര്‍ക്ക് കാണാനോ ഇടകലരാനോ പറ്റാത്ത വിധം ഒരുക്കുന്ന സംവിധാനങ്ങളുമാണ്.

എന്നാല്‍ എല്ലാ അറബ് രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ ദേശങ്ങളിലും സ്ഥിതി ഇങ്ങനെ അല്ല. ഈജിപ്ത്, ലബനന്‍, തുര്‍ക്കി, മൊറൊക്കോ പോലുള്ള രാജ്യങ്ങളില്‍ വിവാഹ വേദികളില്‍ സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച് പങ്കെടുക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നു എന്നാണ് എന്റെ അറിവ്. അവിടെയും ഇതിന്ന് അപവാദം ഉണ്ടായെന്ന് വരാം.

മലേഷ്യയില്‍ പോയപ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവീട്ടില്‍ ഒരു കല്യാണം കൂടാന്‍ അവസരം ഉണ്ടായിട്ടുണ്ട്. ഈ കുടുംബം മത നിര്‍ദേശങ്ങള്‍ പാലിക്കുന്ന കുടുംബമാണ്. എന്റെ സുഹൃത്ത് മലേഷ്യന്‍ ഇസ്ലാമിക് യൂണിവാഴ്‌സിറ്റിയില്‍ അധ്യാപകന്‍ കൂടിയാണ്. ആ കല്യാണത്തില്‍ വെവ്വേറെ പന്തികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു എന്ന് മാത്രമല്ല, ആളുകളെ സ്വീകരിക്കാനും സ്ത്രീകളുണ്ട്. തല്‍സമയം നടക്കുന്ന ഗാനമേളയില്‍ കൂടുതലും പാട്ടുകാരായി സ്ത്രീകളായിരുന്നു. ക്വലാലംപൂരിലെ ഒരു പള്ളിയില്‍ പോയപ്പോള്‍ അവിടെ പുരുഷന്മാര്‍ നമസ്‌കരിക്കുന്ന അതേ ഹാളില്‍ സ്ത്രീകളും നമസ്‌കരിക്കുന്നത് കണ്ടു. മറയോ പ്രത്യേക കവാടമോ അവിടെ ഉണ്ടായിരുന്നില്ല.

Read Also: വ്യാജവാര്‍ത്ത; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയ്ക്ക് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസ്

പാശ്ചാത്യ,യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിംകളില്‍ പൊതുവില്‍ സ്ത്രീ പുരുഷ വിവേചനങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ പ്യൂരിറ്റന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മേധാവിത്വമുള്ള സ്ഥലങ്ങളില്‍ മാറ്റമുണ്ടാകാം. ഞാന്‍ യു എസില്‍ വാഷിംഗ്ടണിലെ കാപിറ്റോള്‍ സെന്ററില്‍ ഒരു വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് (ജുമുഅ) കൂടിയിട്ടുണ്ട്. അവിടെ ഒരേ ഹാളില്‍ ഇടകലര്‍ന്നാണ് സ്ത്രീ പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ടത്. ജീന്‍സും ടോപ്പും അണിഞ്ഞ യുവതികള്‍ ഉള്‍പെടെ അതിലുണ്ടായിരുന്നു. പ്രാര്‍ത്ഥനക്ക് ശേഷം സ്ത്രീകള്‍ ഇമാമിനെ കാണുന്നു, കുശലം പറയുന്നു, ഷേക്ക് ഹാന്റ് ചെയ്യുന്നു!.

ഇന്ത്യയിലേക്ക് വന്നാല്‍, കശ്മീരില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണം കൂടാന്‍ പോയി. ബാരാമുല്ലയില്‍ ആയിരുന്നു അതെന്നാണോര്‍മ. അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പന്തിയാണ് കണ്ടത്. ഒരു പിന്നോക്ക ഗ്രാമീണ പ്രദേശമായിരുന്നു അത്. ഒരു പക്ഷെ, ശ്രീനഗറില്‍ ഇങ്ങനെ ആവണമെന്നില്ല.

ഈ റമദാനില്‍ ദില്ലി ജുമാമസ്ജിദില്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ പോയി. അവിടെ പള്ളി അങ്കണത്തില്‍ ആയിരക്കണക്കിന്ന് ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്ന് ഇരുന്ന് നോമ്പ് തുറക്കുന്നത് കണ്ടു. ദര്‍ഗകളില്‍ ആകട്ടെ യാതൊരു വിവേചനവും കാണില്ല. ആണും പെണ്ണും ദര്‍ഗകളിലും അതിന്റെ ഭാഗമായ പള്ളികളിലും കയറുന്നു, പ്രാര്‍ത്ഥിക്കുന്നു, പുരുഷന്മാരായ പുരോഹിതന്മാര്‍ അവരെ അനുഗ്രഹിക്കുന്നു!. അവിടെ വ്യത്യസ്ത കവാടങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ മഹാഭൂരിപക്ഷം പള്ളികളിലും സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ അനുമതി ഇല്ല.

കേരളത്തിലും ഭൂരിപക്ഷം വരുന്ന സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഉല്‍പ്പതിഷ്ണു വിഭാഗങ്ങള്‍ പള്ളി വാതിലുകള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അവര്‍ക്ക് പ്രത്യേകം വാതിലുകളും ഹാളുകളുമാണ്. വീടുകളില്‍ നടക്കുന്ന വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പൊതുവില്‍ സ്ത്രീകള്‍ക്ക് മുഖ്യധാരയില്‍ ഇരിപ്പിടം ഉണ്ടാകാറില്ല. പലേടത്തും വെവ്വേറെ പന്തികള്‍ തന്നെ തുടരുന്നു. എന്നാല്‍ ഈ അവസ്ഥക്ക് വലിയ തോതില്‍ മാറ്റം ഉണ്ടാകുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ ഒരേ വാതിലിലൂടെ തന്നെ വരികയും ഒരേ പന്തിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതി വ്യാപകമാണിന്ന്.

ഈ അനുഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് ചില വസ്തുതകള്‍ തെളിഞ്ഞ് വരുന്നു:

  1. മുസ്ലിം സമൂഹങ്ങളില്‍ ഇന്നും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഇടങ്ങള്‍ ആണ് പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. മതപരമായ നിഷ്‌കര്‍ഷകള്‍ ആചാരമായും സംസ്‌കാരമായും പരിവര്‍ത്തനം ചെയ്താണ് ഈ അവസ്ഥ വന്നു ചേര്‍ന്നത്.
  2. വിവിധ രാജ്യങ്ങളുടെ തദ്ദേശ സംസ്‌കാരങ്ങളും ആചാര രീതികളും സ്ത്രീ പുരുഷ പദവികള്‍ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഗള്‍ഫ് ഇതര അറബ് രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്റൊനേഷ്യയിലും മലേഷ്യയിലും യൂറോപ്പിലും അമേരിക്കയിലും എല്ലാം മുസ്ലിം സമൂഹത്തില്‍ സ്ത്രീ പുരുഷ പദവികള്‍ ഭിന്നമാണ്.
  3. ആധുനികതയും നഗരവത്കരണവും മുസ്ലിം സാമൂഹികതയിലെ ആണ്‍പെണ്‍ ബന്ധങ്ങളെയും പദവികളെയും അതിദ്രുതം മാറ്റി കൊണ്ടിരിക്കുന്നുണ്ട്. മതശാസനകളെ മാറ്റി നിര്‍ത്തിയോ, നവ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചോ ആധുനിക സാമൂഹിക ബോധവുമായി ചേര്‍ന്ന് പോകുന്ന പ്രവണത മുസ്ലിം സമൂഹങ്ങളില്‍ ശക്തമാണ്.
  4. ലോക മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്മേല്‍ സലഫിസത്തിനും ഇസ്ലാമിസത്തിനും സ്വാധീനം വന്നത് മുതല്‍ക്കാണ്, സാംസ്‌കാരിക അറബ്‌വല്‍കരണം വര്‍ദ്ധിതമായത്. മധ്യകാലഘട്ടങ്ങളിലും പൂര്‍വ്വാധുനിക കാലത്തും മുസ്ലിം സമൂഹങ്ങളില്‍ നില നിന്നതിലും മോശമായ സ്ത്രീ പുരുഷ വിവേചനങ്ങള്‍ ആധുനിക കാലത്ത് ഉണ്ടാകാന്‍ കാരണം അതാണ്.
  5. പ്രാചീനമായ ലോകബോധത്തിലും ലിംഗ ബോധത്തിലും കാലൂന്നിയ മത പ്രമാണ വ്യാഖ്യാനങ്ങളാണിന്നും മുസ്ലിം സമൂഹങ്ങളില്‍ പരമ്പരാഗതമായി പിന്‍തുടരുന്നത്. അവ സ്ത്രീപുരുഷ അസമത്വങ്ങളില്‍ അധിഷ്ഠിതമാണ്. വിവേചനപരമാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രാമാണികമായി കണക്കാക്കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്.

ഈ വ്യാഖ്യാനങ്ങള്‍ കാലാനുസൃതമായി മാറ്റി എഴുതിയില്ലെങ്കില്‍ മുസ്ലിം സാമുഹികതയിലെ സ്ത്രീ പദവി ഇങ്ങനെ തന്നെ തുടരും. അല്ലെങ്കില്‍ അമേരിക്കയിലെയും യൂറോപ്പിലെയും പുതുതലമുറ മുസ്ലിംകളെ പോലെ, പാരമ്പര്യ മതത്തിന്റെ പാത വിട്ട് ഒരു പുതിയ മുസ്ലിം സമൂഹം രൂപപ്പെടും.

Story Highlights: Mujeeb Rahman Kinalur on Nikhila vimal statement about Muslim weddings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top