Advertisement

‘കമ്മ്യൂണിസ്റ്റ് ആകുകയെന്നാല്‍ ചെങ്കോടിയ്ക്ക് കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുകയെന്നല്ല’; വന്ദേഭാരത് കവിതയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് രൂപേഷ് പന്ന്യന്റെ മറുപടി

April 20, 2023
3 minutes Read
Roopesh Pannian facebook post on his poem about Vande bharat

വന്ദേഭാരത് എക്‌സ്പ്രസിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷപരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടി കുറിപ്പുമായി അഭിഭാഷകനും പന്ന്യന്‍ രവീന്ദ്രന്റെ മകനുമായ രൂപേഷ് പന്ന്യന്‍. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാര്‍ക്ക് എന്ന തലക്കെട്ടിലെഴുതിയ മറുപടിക്കുറിപ്പാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും. കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഓര്‍മിപ്പിച്ചു.

വന്ദേഭാരത് വരട്ടേ ഭാരത് എന്ന തലക്കെട്ടില്‍ രൂപേഷ് പന്ന്യന്‍ എഴുതിയ കവിതയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്ന് പാടരുതെന്ന് സൂചിപ്പിച്ചായിരുന്നു കവിത. വന്ദേഭാരത് കുതിക്കുമ്പോള്‍ കിതച്ചോടി അതിന്റെ ചങ്ങല വലിയ്ക്കരുതെന്നും അദ്ദേഹം കവിതയിലൂടെ പറഞ്ഞിരുന്നു.

Read Also: നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

രൂപേഷ് പന്ന്യന്റെ പുതിയ പോസ്റ്റ്:

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാര്‍ക്ക് …
ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാന്‍…
ആകാശം മുട്ടേ വളരാനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാല്‍ മതിയായിരുന്നു….
ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…
തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല …
രാഹുല്‍ ഗാന്ധിയിലെ
ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോണ്‍ഗ്രസ്സ്‌കാരനാകില്ല….
അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാന്‍ ഒരു ആം ആദ്മിക്കാരനുമല്ല …
രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…
മത ചിന്ത മനസ്സിനെ
കീഴടക്കാത്തതു കൊണ്ട്
ഞാനൊരു വര്‍ഗ്ഗീയ വാദിയുമല്ല….
ഈശ്വര ചിന്ത മനസ്സില്‍ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാന്‍ രാമായണവും മഹാഭാരതവും
ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…
ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടില്‍ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…
ദൈവ വിശ്വാസമില്ലാത്ത വീട്ടില്‍ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്..
സ്വന്തം വീട്ടിലുള്ളവര്‍ തിരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്
തന്നെയാണ്
ഞാന്‍ കമ്മൂണിസ്റ്റായത്:…
ശരിയെന്ന് തോന്നുന്നതിനെ
മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാല്‍ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…
പക്ഷെ ശരിയും തെറ്റും തിരിച്ചറിയാന്‍ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നില്‍ വന്നു നില്‍ക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…
കണ്ണുരുട്ടി നടക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മള്‍…..
ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മള്‍ നമ്മളെ കാണേണ്ടത്….
അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …
വന്ദേ ഭാരതിനെ കുറിച്ച്
ഞാനെഴുതിയതിനെ വിമര്‍ശിച്ചവരുടെ
പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നഹത്തോടെ… പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു…..
ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…
കമ്മ്യൂണിസ്റ്റാകുക എന്നത്
ചുവന്ന കൊടിയുടെ കീഴില്‍
തല താഴ്ത്തി നിന്ന്
അണിചേരുക എന്നല്ല …
മറിച്ച്
ചങ്കൂറ്റത്തോടും
ധീരതയോടും
സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…
(ഞാനെന്ന പദം
ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും എന്നെ കുറിച്ചുള്ള
ചോദ്യങ്ങള്‍ക്കുത്തരത്തിനായി
ഞാനെന്നല്ലാതെ എനിക്ക്
മുന്നില്‍ മറ്റൊരു പദമില്ല)

ഏറെ ചര്‍ച്ചയായ കവിത

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര്‍ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയര്‍ത്തിയാലും…
ഇടതുപക്ഷം വെടിയുതിര്‍ത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയില്‍
പോയി
അപ്പം വില്‍ക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയില്‍
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നില്‍ക്കുമ്പോള്‍
കിതച്ചു കൊണ്ടോടി
ആ കുതിപ്പിന്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക
മോദിയല്ല…..
വലിക്കുന്നവര്‍ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈന്‍ ബോള്‍ട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

Story Highlights: Roopesh Pannian facebook post on his poem about Vande bharat express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top