‘അവൻ്റെ ബാറ്റിംഗ് എന്ത് മടുപ്പിക്കലാണ്’; കെ.എൽ രാഹുലിനെതിരെ തുറന്നടിച്ച് കെവിൻ പീറ്റേഴ്സൺ

ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിനെതിരെ ക്രൂരമായ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. പവർപ്ലേയിൽ വേഗത്തിൽ റൺസെടുക്കാൻ രാഹുലിന് കഴിയുന്നില്ല. ആദ്യ ആറ് ഓവറിലെ രാഹുലിൻ്റെ മെല്ലെ പോക്കിനെ വിമർശിച്ച അദ്ദേഹം പവർപ്ലേയിൽ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് ഏറ്റവും ബോറടിപ്പിക്കുന്ന കാര്യമാണെന്നും പരിഹസിച്ചു. (‘Watching KL Rahul bat is the most boring thing’: Kevin Pietersen)
രാജസ്ഥാനെതിരായ മത്സരത്തിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ശക്തമായ ബൗളിംഗ് ആക്രമണത്തിനെതിരെ റൺസ് നേടുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി പീറ്റേഴ്സൺ രംഗത്തെത്തിയത്. രാഹുലിന്റെ ഷോട്ട് സെലക്ഷനെയും ശരാശരിക്ക് താഴെയുള്ള സ്ട്രൈക്ക് റേറ്റിനെയും പീറ്റേഴ്സൺ വിമർശിച്ചു. ഐപിഎൽ കമന്ററിക്കിടെയായിരുന്നു പ്രതികരണം.
ട്രെന്റ് ബോൾട്ടിൻ്റെ ആദ്യ ആറ് പന്തിൽ അക്കൗണ്ട് തുറക്കാൻ രാഹുലിന് കഴിഞ്ഞില്ല. പവർപ്ലേയിൽ 19 പന്തിൽ 19 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. ഇതാണ് പീറ്റേഴ്സണിനെ ചൊടിപ്പിച്ചത്. രാജസ്ഥാനെതിരെ 32 പന്തിൽ 39 റൺസാണ് താരം നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തിരുന്നു. കൈൽ മെയേഴ്സ് 42 പന്തിൽ 51 റൺസ് നേടി. മറുപടിയായി രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Story Highlights: ‘Watching KL Rahul bat is the most boring thing’: Kevin Pietersen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here