ഇപിഎഫ്ഒ ഇ-പാസ്ബുക്ക് സേവനം പണിമുടക്കി

എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഇ-പാസ്ബുക്ക് സേവനം പണിമുടക്കി. ഇതോടെ നിരവധി പേരാണ് പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇ-പാസ്ബുക്ക് സേവനം പണിമുടക്കുന്നത്. ( EPFO e passbook facility down )
ഇപിഎഫ്ഒ വെബ്‌സൈറ്റിൽ നിന്നോ ഉമംഗ് ആപ്പിൽ നിന്നോ ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. പലരും ട്വിറ്ററിലൂടെയും അതൃപ്തി വ്യക്തമാക്കി. ഇതിന് മറുപടിയുമായി ഇപിഎഫ്ഒ രംഗത്ത് വന്നു-‘പ്രിയ അംഗങ്ങളെ, അസൗകര്യത്തിൽ ഖേദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംഘം പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ്. അൽപനേരം ക്ഷമിക്കുക. ഉടൻ തന്നെ സേവനം ലഭ്യമാകുന്നതായിരിക്കും’- ഇപിഎഫ്ഒ കുറിച്ചു.
ഈ വർഷം ജനുവരിയിലും ഇ-പാസ്ബുക്ക് സേവനം പണിമുടക്കിയിരുന്നു. തൊഴിലാളിയും തൊഴിൽ ദാതാവും നടത്തുന്ന നിക്ഷേപങ്ങൾ ഇ-പാസ്ബുക്ക് വഴി കൃത്യമായി അറിയാൻ സാധിക്കും. പിഎഫിലെ ആകെ തുകയും ഇ-പാസ്ബുക്കിലൂടെ അറിയാൻ സാധിക്കും.
Story Highlights: EPFO e passbook facility down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here