താനൂർ ബോട്ടപകടം; രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പ്രവർത്തകരോട് രാഹുൽ ഗാന്ധി

മലപ്പുറം താനൂരിൽ 21 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിൽ അധികാരികളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിൽ മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ അപകടസ്ഥലത്തേക്ക് തിരിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Thanoor Boat Accident; Rahul Gandhi asked workers to help in rescue operations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here