ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്

പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. വാർത്താമാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി സഞ്ചരിച്ചതിനു പിന്നാലെ മെസിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പൻഡ് ചെയ്തിരുന്നു. ഈ സന്ദർശനം എന്തിനാണെന്ന് വ്യക്തതയില്ലെങ്കിലും സൗദി ക്ലബുമായി കരാറൊപ്പിടാനുള്ള നീക്കമായിരുന്നു ഇതെന്നാണ് എഎഫ്പി പറയുന്നത്. (Lionel Messi Saudi Arabia)
വരുന്ന സീസണിൽ മെസി സൗദിയിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. വമ്പൻ കരാറാണ് ഇതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജൂൺ 30 വരെയാണ് പിഎസ്ജിയുമായി മെസിക്ക് കരാറുള്ളത്. കരാർ പുതുക്കണമെങ്കിൽ നേരത്തെ ചെയ്തേനെ എന്നും റിപ്പോർട്ടിലുണ്ട്.
അനധികൃത സൗദി യാത്രയ്ക്ക് പിന്നാലെ സൂപ്പർ താരത്തെ ടീം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്ഷമാപണവുമായി അർജന്റീന ക്യാപ്റ്റൻ രംഗത്തെത്തി. മെസി പരിശീലനം നടത്തുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് സൂപ്പർതാരത്തിന്റെ മടങ്ങിവരവ് പിഎസ്ജി അറിയിച്ചത്. ‘അർജന്റീനിയൻ സ്‌ട്രൈക്കർ മെയ് 8 തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
Read Also: മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്
ഇതിനിടെ 2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് ലയണൽ മെസി സ്വന്തമാക്കി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരമായി മെസി.
ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നാഡ, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പൻ, എൻബിഎ താരം സ്റ്റീഫൻ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം.
പാരീസിലാണ് അവാർഡ് ദാന ചടങ്ങ്. ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസ്സി ചടങ്ങിൽ പങ്കെടുത്തത്. 2020ൽ ബെർലിനിൽ നടന്ന ചടങ്ങിൽ സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി തുല്യ വോട്ടുകൾ നേടിയ അർജന്റീനിയൻ താരം അവാർഡ് പങ്കിടുകയായിരുന്നു.
Story Highlights: Lionel Messi Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here