വന്ദനയുടെ കൊലപാതകത്തിന് ആരുത്തരം പറയും? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

- ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല പൊലീസിനുണ്ടെന്ന് കോടതി
- 'ഇത്തരം സംഭവമുണ്ടാകുമ്പോള്‍ വികാരപരമായേ കോടതിക്ക് ഇടപെടാനാകൂ'
- കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സര്‍ക്കാര്‍ എങ്ങനെ അഭിമുഖീകരിക്കും?
- വന്ദനയുടെ കൊലപാതകത്തില്‍ ഡിജിപിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സര്‍ക്കാരിനും പൊലീസിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 22 വയസുള്ള യുവഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി, ഡോ.വന്ദന മരണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തി.(High Court criticized police and govt in Dr. Vandana’s death)
വന്ദന ദാസിന്റെ കൊലപാതകത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊലീസ് മേധാവി ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടേഴ്‌സിനെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണം. രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. വന്ദനയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഇത്രയും പൊലീസുകാര്‍ ഉണ്ടായിട്ടും സംരക്ഷിക്കാന്‍ സാധിച്ചില്ലേ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല പൊലീസിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊലീസിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലേ. ഇത്തരം സംഭവമുണ്ടാകുമ്പോള്‍ വികാരപരമായേ കോടതിക്ക് ഇടപെടാനാകൂ. ഇതില്‍ കൂടുതല്‍ എന്ത് സംഭവിക്കാനാണ്. യുവഡോക്ടറാണ് മരിച്ചത്. ഇത് ആരും മറക്കരുത്. സംഭവിച്ചതിന് കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സര്‍ക്കാര്‍ എങ്ങനെ അഭിമുഖീകരിക്കും. സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ആരാണ് ഇതിനുത്തരം പറയേണ്ടതെന്നും ജ.ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
Read Also: പ്രതിയെ ചികിത്സിക്കുമ്പോൾ പൊലീസുകാർ കൂടെ ഉണ്ടാകരുതെന്നാണ് കോടതി നിർദേശം; ഡിവൈഎഫ്ഐ
ആശുപത്രിയില്‍ നടന്ന സംഭവം ഹൈക്കോടതിയില്‍ വിശദീകരിച്ച സര്‍ക്കാര്‍, പൊലീസിനെയും സന്ദീപ് ആക്രമിച്ചെന്ന് വ്യക്തമാക്കി. എന്നാല്‍ സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതികളെ മജിസ്‌ട്രേറ്റുമാരുടെ വസതിയില്‍ ഹാജരാക്കുമ്പോള്‍ എന്താണ് നടപടി? യുവ വനിതാ ഡോക്ടര്‍മാര്‍ എങ്ങനെ രാത്രിയില്‍ ഹൗസ് സര്‍ജന്മാരായി ജോലി ചെയ്യുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
Story Highlights: High Court criticized police and govt in Dr. Vandana’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here