ഡോ. വന്ദന ദാസ് നീറുന്ന ഓർമ്മ, ആരോഗ്യമന്ത്രിക്കെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികൾ : പി.എ മുഹമ്മദ് റിയാസ്

കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ ഓര്‍ത്ത് കഴിഞ്ഞ രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡോ. വന്ദനാദാസ് നമ്മുടെ മുൻപിൽ ഒരു ദുഃഖമായി നിൽക്കുകയാണ്. വല്ലാത്ത പ്രയാസമാണ് ആ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. നമ്മുടെയൊക്കെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിച്ച് ഇടപെടുന്നവരാണ് ഡോക്ടർമാർ. കേരളത്തിൻറെ പ്രതിസന്ധിഘട്ടങ്ങളിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും എടുത്തിട്ടുള്ള നിലപാട് നമ്മുടെ മുൻപിലുണ്ട്. സ്വന്തം ജീവൻ പോയാലും നാടിനെ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവർ മുന്നോട്ട് വന്നു. അങ്ങനെയുള്ള നമ്മുടെ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഇന്നലത്തെ സംഭവം ദുഃഖകരമാണ്. പറയാൻ വാക്കുകളില്ല. എല്ലാവരും ഒരുമിച്ച് നിന്നാണ് അതിനെ നേരിടേണ്ടത്. ലഹരിക്ക് അടിമയായ, മനുഷ്യനെന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത ഒരാളുടെ നിലയാണ് ഇന്നലെ കണ്ടത്. ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്ന കാലമാണ് ഇത്. സർക്കാർ അതിന് നേതൃത്വം കൊടുത്തു. നമ്മുടെയെല്ലാം വീടുകളിലുള്ളവർ ലഹരിക്ക് അടിമയായാൽ അമ്മയെ തിരിച്ചറിയില്ല, അച്ഛനെ തിരിച്ചറിയില്ല, സഹജീവിയെ തിരിച്ചറിയില്ല. ഇന്നലെ നമ്മളത് കണ്ടു. എല്ലാവരും ഒരുമിച്ച് നിന്നാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇടപെടേണ്ടത്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും ജനങ്ങളും ഒന്നിച്ച് നിൽക്കണം. എന്നാൽ ഇവിടെയും ചില തെറ്റായ പ്രചരണങ്ങൾ നടക്കുന്നു.
കേരളത്തിൻറെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സംഭവം നടന്ന് ഏതാനും സമയത്തിനുള്ളിൽ തന്നെ പ്രതികരിച്ചപ്പോൾ മന്ത്രി ഉദ്ദേശിക്കാത്ത ഒരു കാര്യം വക്രീകരിച്ച് കുബുദ്ധിയുടെ ഭാഗമായി ദുരുദ്ദേശപരമായ പ്രചരണം നടത്തുകയുണ്ടായി. അപ്പോൾ തന്നെ മന്ത്രി വീണ്ടും കാര്യങ്ങൾ വ്യക്തമാക്കി. മന്ത്രി പറഞ്ഞത് വളരെ വ്യക്തമായി നമുക്ക് കാണാൻ വേണ്ടി സാധിക്കും. എന്നാൽ വളരെ വ്യാപകമായി മന്ത്രിക്കെതിരെ തെറ്റായ പ്രചരണം നടന്നു. എന്ത് മാനസിക സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്.? വീണാജോർജ്ജ് എന്ത് തെറ്റായ പ്രസ്താവനയാണ് ഇതിൽ ഇറക്കിയിട്ടുള്ളത്.? ഒരു തെറ്റായ കാര്യവും പറഞ്ഞിട്ടില്ല. മന്ത്രി ഒരിക്കലും അങ്ങനെ തെറ്റായ കാര്യം പറയില്ല എന്ന് ഇപ്പോൾ ഡോക്ടർമാരുടെ അസോസിയേഷൻ ഭാരവാഹിതന്നെ ചാനലുകളിൽ വന്ന് പറയുകയുണ്ടായി. ആ കുട്ടിയുടെ വിവരം മന്ത്രിയെ വിളിച്ച് സംസാരിച്ചപ്പോൾ മന്ത്രി കരയുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
Read Also: നാട്ടിൽ മാന്യൻ, വീട്ടിൽ പ്രശ്നക്കാരൻ; ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിച്ചെന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ
ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനായി എല്ലാനിലയിലും ഇടപെട്ട് ആരോഗ്യവകുപ്പിനെ നയിക്കുന്ന മന്ത്രി വീണാ ജോർജ്ജിനെതിരെ ഇങ്ങനെയുള്ള ഒരു ഘട്ടത്തിൽ ഇത്തരത്തിലൊരു പ്രചരണം നടക്കുന്നത് ശരിയായ രീതിയാണോ. മാധ്യമപ്രവർത്തനം എന്ന് പറഞ്ഞാൽ നീതിക്കുവേണ്ടിപോരാടാനുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാൻ ബാധ്യതയുള്ളവരാണ്. എന്നാൽ ചില കുബുദ്ധികൾ ഉദ്ദേശിക്കാത്ത ചില കാര്യങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് എന്ത് മാനസിക സുഖം ലഭിക്കാൻ വേണ്ടിയിട്ടാണ്. ഇത് സമൂഹം ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: P A Muhammed riyas reacts Kottarakkara dr vandana das murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here