യുഎഇയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകര്‍

ദീര്‍ഘകാലം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുകയും സാമൂഹികസാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന ശ്രീ കൊച്ചുകൃഷ്ണന്‍ (72 ) ന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബായില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഒത്തുകൂടി. 40 വര്‍ഷത്തിലേറെക്കാലം യു.എ.ഇ യിലെ ഷാര്‍ജ, ദുബായ് എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം, ഷാര്‍ജയിലെ പെയിന്റിംഗ് കമ്പനിയില്‍ തൊഴിലാളിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ദുര്‍ഘടമായ സാഹചര്യത്തിലും പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഏറെ സമയം കണ്ടെത്തിയിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു കൊച്ചുകൃഷ്ണനെന്ന് യോഗത്തില്‍ അധ്യക്ഷന്‍ ആയ ഓര്‍മ രക്ഷാധികാരി രാജന്‍ മാഹി അനുസ്മരിച്ചു. (Social activists in Dubai mourn the death of cultural activist Kochu Krishnan )
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ അയിലം സ്വദേശിയായ കൊച്ചുകൃഷ്ണന്‍ പ്രവാസി ക്ഷേമ നിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ലോകകേരളസഭാംഗം എന്നീ പദവികള്‍ വഹിചിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി അംഗവും മാസ് ഷാര്‍ജയുടെ മുഖ്യ രക്ഷാധികാരി, കൈരളി ടി വി യു എ ഇ കോഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഏപ്രില്‍ 9 വൈകിട്ട് ദെയ്‌റയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഓര്‍മ രക്ഷാധികാരി രാജന്‍ മാഹി അധ്യക്ഷന്‍ ആയി. മുന്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സ്വഗതം പറഞ്ഞാരംഭിച്ച യോഗത്തില്‍ ദിലീപ് സി എന്‍ എന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പുതിയ തലമുറയ്ക്ക് നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകകള്‍ നല്‍കിക്കൊണ്ടാണ് കൊച്ചു കൃഷ്ണന്‍ വിടവാങ്ങുന്നതെന്ന് ലോക കേരള സഭ അംഗവും മാസ്സ് ഷാര്‍ജ മുന്‍ ഭാരവാഹിയുമായ മോഹനന്‍ അനുസ്മരിച്ചു. കെ വി സജീവന്‍, നാരായണന്‍ വെളിയങ്കോട്, വിജിഷ സജീവന്‍, അബ്ദുള്‍ അഷ്‌റഫ്, സാദിഖ്, പി പി അഷറഫ് എന്നിവര്‍ ശ്രീ കൊച്ചുകൃഷ്ണനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു.
Story Highlights: Social activists in Dubai mourn the death of cultural activist Kochu Krishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here