എം.ടിയുടെ ജീവിതം മലയാള ഭാഷയ്ക്കും സംസ്‍കാരത്തിനും എന്നും മുതൽക്കൂട്ട്; പിണറായി വിജയൻ

എം.ടിയുടെ ജീവിതം മലയാള ഭാഷയ്ക്കും സംസ്‍കാരത്തിനും എന്നും മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവതിയിലേക്ക് കടന്ന എം.ടിയെ ആദരിക്കാനായി തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച സാദരം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാംസ്കാരിക വകുപ്പും തുഞ്ചൻ ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പൊന്നാട അണിയിച്ച് എം.ടിയെ ആദരിച്ചു. തുഞ്ചൻ ട്രെസ്റ്റിന്റെ ചുമതല എം.ടി ഏറ്റെടുത്തു. പരിപാടിയിൽ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ഭാഷാ പിതാവിന് വേണ്ടിയും ഭാഷയ്ക്ക് വേണ്ടിയും എം.ടി സമർപ്പിത സേവനമാണ് നിർവ്വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചൻ പറമ്പിനായി സർക്കാർ ഒരു കോടി രൂപ അനുവദിക്കാൻ കാരണം എം.ടിയുടെ ഇടപെടലാണ്. തുഞ്ചൻ പറമ്പ് ജനകീയ സാംസ്‌കാരിക കേന്ദ്രമായി മാറി. മത നിരപേക്ഷ സ്വഭാവം ഉയർത്തിപ്പിടിച്ച എം.ടിയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പ് പല ചെറുത്ത് നിൽപ്പുകളിലൂടെയാണ് മതേതര കേന്ദ്രമായി മാറിയത്.
കാലത്തിൽ നിന്നും മുഖം തിരിക്കാതെ കാലത്തെ രേഖപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. മതനിരപേക്ഷതയെ എം ടി സാഹിത്യത്തിൽ ഉയർത്തിപ്പിടിക്കുകയും സാമൂഹിക പ്രശ്നങ്ങളെ കൃത്യമായി എഴുതുകയും ചെയ്തു. അതിനു തെളിവാണ് നാലുകെട്ട്. അസുര വിത്തിലൂടെ ജനമനസുകളെ യോജിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.
ജനമനസുകളെ ചിന്നഭിന്നമാക്കുന്ന പുതിയ കാലത്ത് എം.ടി യുടെ അസുര വിത്ത് വീണ്ടും വായിക്കണം. നാലു കെട്ടിലെ അപ്പുണ്ണി പറഞ്ഞത് കാലത്തിന്റെ ആവശ്യമാണ്. ഹിന്ദു – മുസ്ലീം ജനത ശത്രുക്കൾ ആണെന്ന് പ്രചരിപ്പിക്കുന്നവർക്ക് കേരളത്തിന്റെ യഥാർത്ഥ ചിത്രം എം ടി കഥാപാത്രങ്ങളിലൂടെ കാണിച്ചുകൊടുത്തു.
എം ടി യുടെ പാതിരാവും പകൽ വെളിച്ചവും എന്ന നോവലിൽ ഫാത്തിമയും ഗോപിയും വരച്ചു കാണിച്ചത് മതങ്ങൾക്ക് അപ്പുറമുള്ള കുടുംബത്തെയാണ്. മതങ്ങളുടെ അതിർ വരമ്പ് മറികടന്നുള്ള മനുഷ്യത്വത്തെയാണ് എം.ടി സാഹിത്യം ഊട്ടി ഉറപ്പിച്ചത്. എഴുതാനും പാടാനും വർഗീയ വാദികളുടെ അനുമതി വേണം എന്ന അവസ്ഥ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Pinarayi Vijayan praised MT Vasudevan Nair SADARAM PROGRAMME
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here