അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം; പ്രവേശനം തീർഥാടകർക്കും താമസക്കാർക്കും ജീവനക്കാർക്കും മാത്രം

അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീർഥാടകർക്കും താമസക്കാർക്കും ജീവനക്കാർക്കും മാത്രമായാണ് പ്രവേശനം പരിമിതപ്പെടുത്തിയത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതി ഇല്ലെന്നും സൗദി അധികൃതർ അറിയിച്ചു.
സൗദിയിൽ റെസിഡൻറ് വിസയുള്ളവരെ പ്രത്യേക അനുമതി പത്രമില്ലാതെ ഇന്ന് മുതൽ മക്കയിൽ പ്രവേശിപ്പിക്കില്ലെന്ന് സൌദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഇത് ലംഘിച്ച് മക്കയിലേക്ക് പോകുന്നവരെ ചെക്ക് പോയിന്റുകളിൽ വെച്ച് തിരിച്ചയക്കും. ഹജ്ജ് സീസൺ അടുത്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
Read Also: യാത്ര മാനദണ്ഡങ്ങൾ ലംഘിച്ചു ; ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്, ഒളിവിൽ
ഹജ്ജ് നിർവഹിക്കാനുള്ള അനുമതി പത്രമോ, മക്കയിൽ ജോലി ചെയ്യുന്നതിന് സൗദി ജവാസാത് ഇഷ്യൂ ചെയ്യുന്ന പെർമിറ്റോ, മക്കയിൽ താമസക്കാരനാണെന്ന രേഖകളോ ഉള്ളവരെ മക്കയിലേക്ക് പ്രവേശിപ്പിക്കും. കൂടാതെ ഉംറ നിർവഹിക്കുന്നതിനുള്ള ഓൺലൈൻ പെർമിറ്റ് ഉള്ളവർക്കും മക്കയിൽ പ്രവേശിക്കാമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
മക്കയിൽ ജോലി ചെയ്യുന്നവർക്ക് അജീർ ഓൺലൈൻ പോർട്ടൽ വഴിയാണ് അനുമതിപത്രം ഇഷ്യൂ ചെയ്യുന്നത്. അതേ സമയം വിസിറ്റ് വിസയിൽ സൌദിയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതി ഇല്ലെന്നു സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസിറ്റ് വിസയുടെ കാലാവധി 90 ദിവസമാണ്. വിസാ കാലാവധി തീരുന്നതിന് മുമ്പ് സൗദിയിൽ നിന്നു മടങ്ങണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Story Highlights: Saudi bans residents from entering Makkah without permit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here