യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം; പ്രസംഗത്തിനിടെ എംകെ മുനീർ കുഴഞ്ഞ് വീണു

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ കുഴഞ്ഞ് വീണു. വേദിയിൽ സംസാരിച്ചുകൊണ്ട് നിൽക്കവെയാണ് എംഎൽഎ കുഴഞ്ഞു വീണത്. വേദിയിൽ ഉണ്ടായിരുന്ന നേതാക്കളും അണികളും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിൽ ഇരുത്തിയത്. ( MK Muneer collapsed during udf strike ).
പ്രസംഗം തുടങ്ങി അധികം സമയമാവുന്നതിന് മുമ്പ് തന്നെ എം.കെ മുനിർ കുഴഞ്ഞു വീഴുകയായിരുന്നു. സിപി ജോൺ പ്രസംഗിച്ചതിന് ശേഷമാണ് മുനീർ പ്രസംഗിക്കാനായി എത്തിയത്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ലെന്നുമായിരുന്നു എം.കെ മുനീർ മറ്റ് നേതാക്കളോട് പറഞ്ഞത്.
ഇടതുപക്ഷ സർക്കാരല്ല, കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിമർശിച്ചു. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമുണ്ടെങ്കിൽ കേരളം ചാമ്പാൻ ഇറങ്ങിയിരിക്കുന്നത് ഇരട്ടച്ചങ്കനാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് അങ്ങേയറ്റം നിഷ്ക്രിയമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഒരു നിയമസംവിധാനം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ വന്ദനയുടെ കൊലപാതകത്തിൽ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. താനൂരിലെ ബോട്ടപകടത്തിൽ ഉത്തരവാദി സർക്കാരാണ്. താനൂർ ഭരിക്കുന്നത് അധോലോകമാണ്.
ബോട്ടപകടത്തിൻ്റെ ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രിയും സർക്കാരും പറയണം. കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുകയാണ്. ഹൈസ്കൂൾ തലത്തിൽ പോലും ചരസ് വിൽപ്പന നടക്കുന്നുണ്ട്. എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ലെന്നും വലിയ സമരത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: MK Muneer collapsed during udf strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here