പാലക്കാട്ടെ കോട്ടയ്ക്ക് ചുറ്റും നടക്കാനിറങ്ങുന്നവർ അടുത്ത മാസം മുതൽ ഇനി ഫീസ് നൽകണം; പൊലീസ് ക്ലിയറൻസും വേണം

ആരോഗ്യ സംരക്ഷണത്തിന് രാവിലെ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങാമെന്ന് കരുതിയാലും പാലക്കാട്ടുകാർക്ക് പൊല്ലാപ്പാകും. ആയിരക്കണക്കിനാളുകൾ ദിവസവും നടക്കുന്ന നഗരഹൃദയത്തിലെ കോട്ടയ്ക്കു ചുറ്റും അടുത്ത മാസം മുതൽ നടക്കാൻ ഇനി ഫീസ് നൽകണം. പോലീസ് ക്ലിയറൻസ് കൂടി ഉണ്ടെങ്കിലേ പ്രഭാത നടത്തത്തിന് എത്താൻ കഴിയുകയുള്ളൂ. ( palakkad fort morning walk fee )
കോട്ടയുടെ സംരക്ഷണത്തിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. മാസം അൻപത് രൂപ വച്ച് ഒരു വർഷത്തേക്ക് അറുന്നൂറ് രൂപയാണ് നടക്കാനിറങ്ങുന്നവർ നൽകേണ്ടത്. പണപ്പിരിവ് കൂടാതെ പൊലീസ് ക്ലിയറൻസും വേണം. അതായത് എസ്പി ഓഫീസിൽ അപേക്ഷ നൽകി സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയാലേ കോട്ടയിൽ കാലുകുത്താനാകൂ എന്ന് ചുരുക്കം.
ദിവസവും രണ്ടായിരത്തോളം പേർ കോട്ടയ്ക്ക് ചുറ്റും നടക്കാൻ എത്താറുണ്ട്. ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രതിഷേധവും ജനപ്രതിനിധികളടക്കം രംഗത്തെത്തിയിട്ടുണ്ട്. കോട്ടയിലേക്കും നടപ്പാതയിലേക്കും പ്രത്യേക വഴികൾ ഉള്ളതിനാൽ പുരാവസ്തു സംരക്ഷണം എന്ന ന്യായം വിലപ്പോകുന്നതല്ലെന്നും സ്ഥിരം നടത്തക്കാർ ചൂണ്ടിക്കാട്ടുന്നു.
നാലുവർഷം മുൻപ് തന്നെ പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറലിന്റെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പലതവണ മാറ്റിവെച്ചെങ്കിലും ജൂൺ ഒന്നുമുതൽ നടത്തത്തിന് ഫീസ് ചുമത്തി തുടങ്ങുമെന്നാണ് വകുപ്പറിയിക്കുന്നത്.
Story Highlights: palakkad fort morning walk fee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here