ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ; ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്തത് 15 റൺസിന്

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റൺസിന് തകർത്ത് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പതിനാറാം സീസണിന്‍റെ ഫൈനലിൽ പ്രവേശിച്ചു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് ആൾ ഔട്ടാവുകയായിരുന്നു.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മറുപടി ബാറ്റിംഗ് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. മൂന്ന് ഓവറില്‍ 22 റൺസ് നേടിയപ്പോഴേയ്ക്കും വൃദ്ധിമാന്‍ സാഹയെ ദീപക് ചാഹര്‍ പുറത്താക്കിയിരുന്നു. 11 പന്തില്‍ 12 റൺസെടുക്കാനേ സാഹയ്ക്ക് കഴിഞ്ഞുള്ളൂ. പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(7 പന്തില്‍ 8) മടങ്ങിയതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി.
ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും ദാസുന്‍ ശനക 16 പന്തില്‍ 17 റണ്‍സുമായും ഡേവിഡ് മില്ലർ 6 പന്തില്‍ 4 റൺസുമായും പവലിയനിലേയ്ക്ക് മടങ്ങി. അധികം വൈകാതെ ഗില്ലിനെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ടൈറ്റന്‍സ് പരാജയം മണത്തു തുടങ്ങി. 38 ബോളില്‍ 4 ഫോറും 1 സിക്സും സഹിതം 42 റണ്‍സാണ് ഗില്‍ നേടിയത്.
ഇതോടെ 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് ദയനീയാവസ്ഥയിലായി. 15-ാം ഓവറിലാണ് അവർ 100 കടന്നത്. ഇതിനിടെ രാഹുല്‍ തെവാട്ടിയയും 3 റൺസുമായി കൂടാരം കയറി. വാലറ്റത്ത് റാഷിദ് ഖാനും വിജയ് ശങ്കറും സിഎസ്കെയ്ക്ക് നേരിയ ഭീഷണി ഉയർത്തിയെങ്കിലും പതിരാനയുടെ പന്തിലെ കിടിലൻ ക്യാച്ചില്‍ ശങ്കറിനെ ഗെയ്‌ക്‌വാദ് പിടികൂടിയതോടെ പോരാട്ടം ഏറക്കുറേ അവസാനിച്ചു. 16 പന്തില്‍ 30 റൺസ് എടുത്ത റാഷിദ് ഖാനെ തുഷാർ ദേശ്പാണ്ഡെയാണ് മടക്കിയത്. ഇന്നിംഗ്സിലെ അവസാന ബോളിലാണ് മുഹമ്മദ് ഷമി(5) പുറത്തായത്. നൂർ അഹമ്മദ് (7*) പുറത്താവാതെ നിന്നു.
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദ് 60ഉം ദേവോണ്‍ കോണ്‍വേ 40ഉം റണ്‍സ് നേടി തകർപ്പൻ തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 172 റണ്‍സെടുത്തത്. ക്യാപ്റ്റൻ ധോണി 2 പന്തില്‍ ഒരു റണ്ണെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ(16 പന്തില്‍ 22) ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങിയപ്പോള്‍ മൊയീന്‍ അലി(4 പന്തില്‍ 9*) പുറത്താവാതെ നിന്നു.
Story Highlights: Chennai Super Kings enters IPL finals for 10th time, down Gujarat Titans by 15 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here