മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവർ വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു

മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവർ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച് എട്ടു പവൻ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു. 75 കാരിയായ കോട്ടയം ഉഴവൂർ കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിന്റെ ആഭരങ്ങളാണ് രണ്ടഗ സംഘം കവർന്നത്. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ( thieves stole gold from house )
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ രണ്ടു പേർ കുടിക്കാൻ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. കഞ്ഞിവെള്ളം ഇല്ലെന്ന് പറഞ്ഞതോടെ മുറ്റത്തെ മാവിലെ മാമ്പഴം വേണമെന്നായി. മാമ്പഴം എടുക്കാനായി വീടിനുള്ളിലേക്ക് കയറിയ വയോധികക്ക് പിന്നാലെ എത്തിയ ആൾ വീടിനുള്ളിൽ വച്ച് ഏലിയാമ്മയെ ബലമായി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ബഹളം വച്ചെങ്കിലും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കയ്യിൽ കിടന്ന ആറു വളകളും രണ്ടു മോതിരവും ബലം പ്രായിഗിച്ചു ഊരി എടുക്കുകയായിരുന്നു.
വയോധികയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും യുവാക്കൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞു. മക്കൾ വിദേശത്തായതിനാൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് പോലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: thieves stole gold from house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here