ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്ത് വിട്ടില്ല; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്തുവിടാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. Uncertainity in Youth Congress Kerala election
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി നോമിനേഷൻ നൽകേണ്ടത് ഇന്നു മുതലായിരുന്നു. എന്നാൽ ഇതുവരെയും പെർഫോമൻസ് ലിസ്റ്റ് പുറത്തുവിടാത്തതിനാൽ ആർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. ഈ മാസം 14 ആണ് നോമിനേഷൻ നൽകേണ്ട അവസാന തീയതി. പെർഫോമൻസ് ലിസ്റ്റിനെ പറ്റി ഒരു സൂചനയും ദേശീയ നേതൃത്വം നൽകാത്തതിനാൽ എന്തു ചെയ്യും എന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ.
യൂത്ത് കോൺഗ്രസ് നാഥനില്ല കളരിയായി മാറിയെന്നാണ് സ്ഥാനാർത്ഥികളുടെ ആക്ഷേപം. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾക്കിടയിലും സ്ഥാനാർത്ഥികൾ തമ്മിൽ സമവായം ആയിട്ടില്ല എന്നുള്ളത് മറ്റൊരു വസ്തുത. പുതിയ സംസ്ഥാന പ്രസിഡൻറ് ആരാവണമെന്ന് ഇപ്പോഴും ഗ്രൂപ്പുകൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയംഗം ജെ.എസ് അഖിൽ, കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്. ഉമ്മൻചാണ്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷമേ സ്ഥാനാർത്ഥിയാരെന്നതിൽ അന്തിമ തീരുമാനമാവൂ.ഐ ഗ്രൂപ്പിലും ഇതു സംബന്ധിച്ച് സമവായത്തിലെത്തിയിട്ടില്ല.
കെഎസ്‌യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി പി അബ്ദുൽ റഷീദ്, നിലവിലെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ഒ കെ ജനീഷ്, സംസ്ഥാന സെക്രട്ടറിമാരായ എം പി പ്രവീൺ, അബിൻ വർക്കി എന്നിവരാണ് ഐ ഗ്രൂപ്പിൻറെ പരിഗണനയിലുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയിൽ കെസി വേണുഗോപാലിൻ്റെ നോമിനിയായി മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഈ പ്രതിസന്ധി തുടരുന്നതിനിടയാണ് ദേശീയ നേതൃത്വത്തിന്റെയും മെല്ലെ പോക്ക്. എത്രയും പെട്ടെന്ന് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്ന് നിലവിലെ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Uncertainity in Youth Congress Kerala election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here