Advertisement

ഒഡിഷയിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

June 3, 2023
2 minutes Read
OdishaTrain accident Tamil Nadu announced financial assistance

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ട്രയിനിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ അറിയുന്നവർ എത്രയും വേ​ഗം ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Read Also: ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യ കണ്ട ഏറ്റവും വലിയ റയിൽവെ ദുരന്തങ്ങളിൽ ഒന്ന്

ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഒഡിഷയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി ഈ അവസരത്തിൽ താൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നിൽക്കുന്നെന്ന് വ്യക്തമാക്കി.

Story Highlights: OdishaTrain accident Tamil Nadu announced financial assistance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top