യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; ഐ ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനിക്കാന്‍ യോഗം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളാണ് യോഗം ചേര്‍ന്നത്. ഐ ഗ്രൂപ്പിന്റെ ഭാഗമായി ആരൊക്കെ മത്സരിക്കണമെന്ന് യോഗത്തില്‍ ചര്‍ച്ചയായി. യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള യോഗമാണ് നടന്നതെന്ന് അനില്‍ അക്കര ട്വന്റിഫോറിനോട് പറഞ്ഞു.
ജില്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനസംഘടനയില്‍ നേരിട്ട തിരിച്ചടി യൂത്ത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. എഐസിസി അംഗം അനില്‍ അക്കര, കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എംപി വിന്‍സെന്റ്, അഖിലേന്ത്യാ കോഡിനേറ്റര്‍ മുഹമ്മദ് ഹാഷിം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പരമാവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അംഗത്വത്തിലേക്ക് കൊണ്ടുവരണം. മതേതരസ്വഭാവമുള്ള പരമാവധി പേരെ യൂത്ത് കോണ്‍ഗ്രസിലേക്ക് ചേര്‍ക്കാനാണ് ശ്രമമെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് യോഗമെന്നും അനില്‍ അക്കര പറഞ്ഞു.
ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നു. നിയമിക്കപ്പെട്ട ഏഴ് പേരും സുധാകര പക്ഷത്തുനിന്നാണെന്നും കെ സി വേണുഗോപാല്‍ പക്ഷം മുന്നോട്ടുവച്ച പലരുടെയും പേരുകള്‍ പരിഗണിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് ഏകീകരിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് യോഗം ചേര്‍ന്നത്.
Story Highlights: Congress group meeting in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here