‘പിന്നിൽ പൂർവ വൈരാഗ്യം’; ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിൻ്റെ പിതാവ്

ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിൻ്റെ പിതാവ്. പൂർവ വൈരാഗ്യത്തെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വാർത്ത ഏജൻസിയായ പിടിഐയോടാണ് പ്രതികരണം. (brij bhushan false accusation)
ദേശീയ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിന് കാരണം ബ്രിജ് ഭൂഷൺ ആയിരുന്നു. അതിന്റ വൈരാഗ്യത്തിനാണ് പരാതി നൽകിയത്. ഏഷ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ട്രയൽസിൽ മകൾക്ക് യോഗ്യത ലഭിക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു.
ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മാസാവസാനം നടക്കാനിരിക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താരങ്ങൾ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ജൂലായ് 15നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് അവസാന പട്ടിക സമർപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും സ്ക്വാഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.
Read Also: പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ട്
അതേസമയം, തങ്ങൾക്ക് ട്രയൽസിനു തയ്യാറെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. തയ്യാറെടുപ്പിനായി ഒരു മാസമെങ്കിലും വേണമെന്ന് രാജ്യാന്തര ഗുസ്തി താരവും സാക്ഷി മാലിക്കിൻ്റെ ഭർത്താവുമായ സത്യവ്രത് കട്യൻ പറഞ്ഞു.
ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതായി ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ജൂൺ 15 വരെ സമയം തേടിയെന്ന് സാക്ഷി മാലിക് പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
Story Highlights: brij bhushan false accusation minor father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here