അമല്‍ജ്യോതി കോളജിന് ഐക്യദാര്‍ഢ്യം അറിയിച്ച് ക്രിസ്ത്യന്‍ സംഘടനകളുടെ സംയുക്തറാലി; ഇത് താക്കീതെന്ന് മുദ്രാവാക്യം

ശ്രദ്ധയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ക്രിസ്ത്യന്‍ സംഘടനകളുടെ റാലിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. പച്ചക്കൊടിയിലെ വോട്ടെണ്ണം കണ്ടാണോ എസ്എഫ്‌ഐയെ കയറൂരി വിട്ടതെന്ന് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നുകേട്ടത്. (Christian organisations rally in support of Amal Jyothi College)
വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഉള്‍പ്പെടെയുള്ള വലിയ കൂട്ടമാണ് അമല്‍ജ്യോതി വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ റാലി നടത്തിയത്. കോളജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് റാലിയെന്നും ഇത് സര്‍ക്കാരിനും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമുള്ള താക്കീതാണെന്നും സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നുകേട്ടത്. ക്രിസ്ത്യന്‍ സംഘടനകള്‍ സംയുക്തമായാണ് അമല്‍ ജ്യോതി കോളജിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് റാലി നടത്തിയത്.
അതേസമയം ശ്രദ്ധയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ചീഫ് വിപ്പിനെയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയേയും തടഞ്ഞുവെച്ചെന്ന് ആരോപിച്ചാണ് കേസ്. കേസിന്റെ എഫ് ആര്‍ കാഞ്ഞിരപ്പള്ളി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പോലീസ് വ്യക്തമാക്കി.
Story Highlights: Christian organizations rally in support of Amal Jyothi College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here