23-ാം ഗ്രാൻഡ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച് 24 കാരനായ കാസ്‌പർ റൂഡിനെ നേരിടും. ഒരു ജയം അകലെ ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് 23-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്ര നിമിഷമാണ്. ഗ്രാൻഡ് സ്ലാം കിരീട നേട്ടത്തിൽ സ്പാനിഷ് താരം റാഫേൽ നദാലെന്ന വന്മരത്തെ വീഴ്ത്തി ജോക്കോവിച്ചെന്ന ഒറ്റയാൻ തനിച്ച് വാഴുമോ എന്നതാണ് ഇനി അറിയാനുള്ളത്.
നിലവിലെ എടിപി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള നൊവാക്, സെമിയിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തി ഫൈനലിൽ ഇടം നേടിയപ്പോൾ, റൂഡ് നേരിട്ടുള്ള സെറ്റുകൾക്ക് അലക്സാണ്ടർ സ്വെരേവിനെ മറികടന്നാണ് കലാശപ്പോരിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രാൻഡ് സ്ലാം നേട്ടങ്ങളിലെ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ജോക്കോവിച്ച് ഇറങ്ങുമ്പോൾ ഇരുപത്തിനാലുകാരൻ റൂഡിന്റെ ലക്ഷ്യം കരിയറിലെ കന്നി ഗ്രാൻഡ് സ്ലാം കിരീടമാണ്.
ആദ്യ ഗ്രാൻഡ് സ്ലാം കിരീടം തേടിയെത്തിയ റൂഡ് കഴിഞ്ഞ വർഷം റോളണ്ട് ഗാരോസിൽ നടന്ന പുരുഷ സിംഗിൾസ് ഫൈനലിലും എത്തിയിരുന്നുവെങ്കിലും കിരീട മത്സരത്തിൽ റാഫേൽ നദാലിന് മുന്നിൽ കീഴടങ്ങി. ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ 4 മത്സരങ്ങളിലും ജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. ഇതുവരെ 70 ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ കളിച്ച മുപ്പത്തിയാറുകാരൻ ജോക്കോവിച്ച് 34–ാം തവണയാണ് ഫൈനൽ കളിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നൊവാക് ജോക്കോവിച്ചിന് മാത്രമാണ് ഫൈനലിൽ മുൻതൂക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.
Story Highlights: French Open: Casper Ruud stands between Novak Djokovic and 23rd Slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here