അജ്മാനിൽ കോഴിക്കോട് സ്വദേശിക്ക് അതിക്രൂരമർദനം; ക്വട്ടേഷന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് യുവാവ്

സ്വർണ്ണക്കള്ളക്കടത്ത് സംഘം വിദേശത്ത് വച്ച് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് കോഴിക്കോട് പന്തിരക്കര സ്വദേശി പുത്തലത്ത് മുഹമ്മദ് ജവാദ്. മുഹമ്മദ് ജവാദിന് അജ്മാനിൽ വച്ചാണ് മർദ്ദനമേറ്റത്. ( kozhikode native attacked in ajman )
അഞ്ചംഗ ക്വട്ടേഷൻ സംഘമാണ് യുഎഇയിലെ അജ്മാനിൽ വച്ച് അതിക്രൂരമായി മർദിച്ചത്. അജ്മാനിലെ താമസസ്ഥലത്ത് നിന്ന് ജവാദിനെ തട്ടിക്കൊണ്ടുപോവുകയും അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി കമ്പി മുളക് പൊടി ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
വാളൂർ സ്വദേശിയായ ഒരു യുവാവ് മൂരികുത്തി സ്വദേശിക്ക് നൽകാമെന്ന് ഏറ്റ 65 ലക്ഷത്തിന്റെ സ്വർണം നൽകിയിരുന്നില്ല. ഇതിന്റെ പേരിലാണ് ജവാദിനെ അന്വേഷിച്ച് വരുന്നത്. വാളൂർ സ്വദേശിയെ ജവാദിന് പരിചയമുണ്ട്. ജവാദിനും വാളൂർ സ്വദേശിക്കൊപ്പം സ്വർണത്തിൽ പങ്കുണ്ടെന്ന സംശയമാണ് ക്വട്ടേഷൻ സംഘം ജവാദിനെ അക്രമിക്കാൻ കാരണമായത്.
ആക്രമണത്തിന് ശേഷം ജവാദിനെ അജ്ഞാത സംഘം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ദുബായ് പൊലീസാണ് ജവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങിയെത്തിയ ജവാദ് പെരുവണ്ണാമുഴി പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
Story Highlights: kozhikode native attacked in ajman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here