Advertisement

മാധ്യമസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ല, പി.എം ആർഷോയുടെ പരാതി അന്വേഷിക്കും; എം വി ഗോവിന്ദൻ

June 11, 2023
2 minutes Read
pm arsho mark list controversy MV Govindan response

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ ആർക്കും പൊള്ളേണ്ടതില്ല. ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌യു ഉയ‍ർത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതികായ ആരോപണം തത്സമയം റിപ്പോ‍ർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട‍ർ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ വീണ്ടും ന്യായീകരിക്കുകയാണ് എംവി ​ഗോവിന്ദൻ. കണ്ണൂരിൽ വെച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. മാധ്യമങ്ങൾ പി കെ കുഞ്ഞനന്തനെ ഭീകരവാദിയായാണ് ചിത്രീകരിച്ചത്. മാധ്യമങ്ങൾ എന്താണ് ചെയ്തിരുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞനന്തനോടുള്ള സമീപനം. കണ്ണൂർ പാറാലിൽ പി കെ കുഞ്ഞനന്തൻ ദിനാചരണത്തിലാണ് എം വി ഗോവിന്ദന്റെ പരാമർശം.

അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രം​ഗത്തെത്തിയിരുന്നു. റിപ്പോർട്ട‍ർ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സർക്കാർ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.

മഹാരാജാസ് കോളജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം കഴിഞ്ഞ ജൂൺ ആറിനാണ് അഖില റിപ്പോർട്ട് ചെയ്തത്. കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി.എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ അഖില റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവ് നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോ‍ട്ട‍ർക്കെതിരെയടക്കം കേസെടുത്തതെന്നും ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണ വിധേയനായ ആർഷോയെ അപകീർത്തിപ്പെടുത്താൻ കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കേസിലെ മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങളാണ് ഈ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Story Highlights: pm arsho mark list controversy MV Govindan response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top